
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകി. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ് സ്‌ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലും അപെക്‌സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്‌ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യു.എസ്.ഒ), എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.53 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 1.55 കോടി, തൃശൂർ മെഡിക്കൽ കോളേജിന് 4.78 കോടി, എറണാകുളം മെഡിക്കൽ കോളേജിന് 5.49 കോടി, കണ്ണൂർ മെഡിക്കൽ കോളേജിന് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
സ്‌ട്രോക്ക് രോഗികൾക്ക് അടിയന്തരവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുകയും, ന്യൂറോളജി, ന്യൂറോസർജറി തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യമായ ആധുനിക ഉപകരണങ്ങൾ, സൗകര്യങ്ങൾ, ഐ.സി.യു നവീകരികരണം, എം.ആർ.ഐ, സിടി സ്‌കാൻ, ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, ഡോപ്ലർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കുകയുമാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |