
കോഴിക്കോട്: വിദ്യാലയങ്ങളും നാടും ഹരിതാഭമാക്കാൻ ഇറങ്ങിത്തിരിച്ച ആറുവയസുകാരി റൂഹി മൊഹ്‌സബിന് ഗവർണറുടെ ആദരം. റൂഹിയുടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ ഗവർണർ കുട്ടിയെ പൊന്നാടയണിയിച്ചു. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സഹകരണത്തോടെ നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ റൂഹി ആരംഭിച്ച ബൃഹദ് പദ്ധതിയായ 'ട്രീ സ്‌കൂൾ നഴ്സറി' ഗവർണർ നാടിന് സമർപ്പിച്ചു. സ്കൂളിൽ ഗവർണർ വൃക്ഷത്തെെയും നട്ടു. ഏക് പേഡ് മാ കേ നാം' സംരംഭം വിഭാവനം ചെയ്യുന്നതുപോലെ, അമ്മയോടുള്ള ബഹുമാനാർത്ഥം മരങ്ങൾ നടാനും പരിപാലിക്കാനും നമ്മൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം മുതൽ കാശ്മീർ വരെയുള്ള 10,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റേയും നേതൃത്വത്തിൽ 1000 നാട്ടു വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. മൂന്നു വർഷത്തിനകം പദ്ധതി പൂർത്തിയാകുമ്പോൾ ഒരു കോടി വൃക്ഷങ്ങൾ രാജ്യത്ത് തളിർത്തു തുടങ്ങും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയെന്ന ഖ്യാതി നേടിയ റൂഹി കോമൺ ഗ്രൗണ്ട് ഇന്റർനാഷണൽ അക്കാഡമിയിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശികളായ അബ്ദുൾ ഗനിയുടേയും ഡോ. അനീസ മുഹമ്മദിന്റേയും മകളാണ്.
ഗാനരചയിതാവ് കെെതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |