
പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ" ഭയപ്പെടുത്തിയ നിമിഷം മുതൽ പ്രേക്ഷകർ മധുസൂദനൻ പോറ്റി ആരെന്ന് അന്വേഷിച്ചു . സിനിമയിൽ പോറ്റിയായി വേഷമിട്ട ജിബിൻ ഗോപിനാഥ് ജീവിതത്തിൽ സിവിൽ പൊലീസ് ഒാഫീസർ . സിനിമയിൽ പ്രണവിനൊപ്പം നിന്ന ജിബിന് തന്റെ ഭയം പ്രേക്ഷകരിലേക്ക് അതേ ആഴത്തിലെത്തിക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല,
അതിന് സംഭാഷണത്തിന്റെആവശ്യമില്ലെന്ന് തെളിയിക്കുകയും ചെയ്തു . നിരവധി സിനിമകളിൽ ചെറിയ വേഷത്തിൽ എത്തിയ ജിബിൻ ആദ്യമായാണ് മുളുനീള കഥാപാത്രം അവതരിപ്പിക്കുന്നത് . നാടകത്തിലും ടെലിഫിലിമിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച ജിബിൻ ഗോപിനാഥ് 'സിനിമകഥ" പറയുന്നു.
ടെലിഫിലിം വഴി സിനിമ
രാഹുൽ സദാശിവന്റെ ചീഫ് അസോസിയേറ്റാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഇളയ മകൻ ദിനനാഥ് . ദിനനാഥ് ആണ് എന്നെക്കുറിച്ച് രാഹുലിനോട് പറയുന്നത്. മധുസൂദനൻ പോറ്റിയെഅന്വേഷിക്കുന്നതിനിടെ ദിനനാഥ് എന്റെ ഒരു റീൽ കാണുകയും അത് രാഹുലിന് അയക്കുകയും ചെയ്തു. അതുകണ്ട് രാഹുൽ വിളിച്ചു . പിന്നെ നേരിട്ട് കണ്ടു. അതിന് ശേഷമാണ് ഉറപ്പിക്കുന്നത്. ഹൊറർ സിനിമയിൽ കാണുന്ന വാർപ്പുമാതൃകയിൽനിന്ന് മാറി വ്യത്യസ്തനായ ആളാണ് മധുസൂദനൻ പോറ്റി. പ്രണവിനൊപ്പം അഭിനയിച്ച അനുഭവം മികച്ചതായിരുന്നു. എട്ടു വയസുമുതൽ ഓഡിഷന് പോയി . ടെലിഫിലിമുകളിൽ ചെറിയ വേഷങ്ങൾ, പരസ്യ ചിത്രങ്ങൾ, സിനിമകൾ, ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു. കേരള പൊലീസ് സോഷ്യൽ മീഡിയ ക്ലബിന്റെ 'കുട്ടൻ പിള്ള സ്പീക്കിംഗ് "വെബ് സീരിസിൽ അഭിനയിച്ചതോടെ കൂടുതൽ ആളുകൾ അറിഞ്ഞു.
ഡ്യൂട്ടിക്കിടെ ആരാധകർ
ഡ്യൂട്ടിക്കിടെ ആളുകൾ തിരിച്ചറിയുന്ന സംഭവങ്ങളുണ്ട്. ഒരുദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നിൽ തിരക്ക് നിയന്ത്രിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുവന്ന ഏതാനും പെൺകുട്ടികൾ എന്നെ ശ്രദ്ധിച്ചു. 'പരസ്യത്തിൽ അഭിനയിച്ച ആളല്ലേ" എന്ന്അവർ ചോദിച്ചു. 'അതേ " എന്ന് പറഞ്ഞപ്പോൾ അവർക്ക് എന്റെ കൂടെ സെൽഫി എടുക്കണം. കൺട്രോൾ റൂമിൽ ജോലി ചെയ്യുമ്പോൾ കൂടുതൽ സമയവും റോഡിലായിരിക്കും. പരസ്യങ്ങളും സിനിമയിലെ ചെറിയ വേഷങ്ങളും തിരിച്ചറിഞ്ഞ് പലരും അടുത്ത് വരാറുണ്ട്. ഷൂട്ടിംഗാണ്എന്ന് പലരും കരുതും. ട്രാഫിക് നിയന്ത്രിക്കാൻ നിൽക്കുമ്പോൾ എന്നെ കണ്ട് ആളുകളെത്തി തിരക്ക് കൂട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്. 'കൂടുതൽ പണിയുണ്ടാക്കല്ലേ" എന്ന് ചിരിയോടെ സഹപ്രവർത്തകർ പറയും. അഞ്ചു വർഷത്തെ അവധിയിൽ ആണ് . അവധിക്ക് മുൻപ് വലിയതുറ സ്റ്റേഷനിലായിരുന്നു ജോലി.
അടുത്തത് വിസ്മയയുടെ സിനിമ
മമ്മൂട്ടി ചിത്രം കളങ്കാവൽ , ദിലീപ് നായകനായ ഭ.ഭ.ബ , മിഥുൻ മാനുവൽ തോമസിന്റെ വെബ് സീരിസ് അണലി എന്നിവയാണ് അടുത്ത് റിലീസ് . വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം" സിനിമയിലാണ് ഇനി അഭിനയിക്കുന്നത് .തിരുവനന്തപുരം കോലിയക്കോട് ആണ് നാട്. ഭാര്യ ഹണി. മാദ്ധ്യമപ്രവർത്തകയാണ്. രണ്ടുമക്കൾ . ഇരട്ടകളായ ഇഷാലും ഖയാലും രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |