
ധാക്ക: ബംഗ്ളാദേശ് ക്രിക്കറ്റിലെ മുൻ പുരുഷതാരത്തിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പേസർ ജഹ‌്നാര ആലം. 2022ലെ വനിതാ ലോക കപ്പിനിടെ ഇതേ കുറിച്ച് പരാതി നൽകിയിട്ടും ക്രിക്കറ്റ് മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെന്നും താരം ആരോപിച്ചു. ഇതേ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ വിശ്രമത്തിൽ കഴിയുന്ന ആലം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. അന്നത്തെ വനിതാ ടീമിന്റെ സെലക്‌ടറും മാനേജറുമായിരുന്ന മഞ്ജുറുൾ ഇസ്ലാമിന് എതിരെയാണ് താരം ആരോപണങ്ങൾ ഉന്നയിച്ചത്.
'എനിക്ക് പലതവണ അപമാനിക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ നേരിടേണ്ടി വന്നു. ടീമിന്റെ ഭാഗമായിരിക്കുമ്പോൾ, ഞങ്ങൾക്ക് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല. പ്രതികരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും ചിലപ്പോൾ അതിന് സാധിക്കാറില്ല. അങ്ങനെ പ്രതികരിച്ചു കഴിഞ്ഞാൽ അത് നിലനിൽപ്പിനെ ബാധിക്കും എന്നുള്ളതുകൊണ്ട് പലപ്പോഴും നിശബ്ദരാകേണ്ടി വരും. പ്രതിഷേധിക്കാൻ കഴിയാതെ വരും'- ജഹ്‌നാര ആലം യൂട്യൂബ് ചാനലിനോട് പറഞ്ഞു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ജീവനക്കാരനായ സർഫറാസ് ബാബു വഴി മറ്റൊരു ക്രിക്കറ്റ് താരമായ തൗഹിദ് മഹ്മൂദ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെന്നും അത് നിഷേധിച്ചതോടെയാണ് മഞ്ജുറുൾ തനിക്ക് നേരെ ആക്രമണങ്ങൾ ആരംഭിച്ചതെന്നും താരം പറയുന്നു. ഇത് തടയുന്നതിൽ മുൻ വനിതാ കമ്മിറ്റി മേധാവി നാദേൽ ചൗധരി പരാജയപ്പെട്ടെന്നും ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീൻ ചൗധരി തന്റെ പരാതികൾ അവഗണിച്ചെന്നും ആലം പറഞ്ഞു.
മഞ്ജുറുളിൽ നിന്നും നിരവധി തവണ മോശമായ പെരുമാറ്റം ഉണ്ടായതായി താരം ആരോപിച്ചു. 'ഞങ്ങളുടെ പ്രീ-ക്യാമ്പിൽ, ഞാൻ ബൗൾ ചെയ്യുമ്പോൾ, അയാൾ വന്ന് എന്റെ തോളിൽ കൈ വച്ചു. പെൺകുട്ടികളെ വലിച്ച് നെഞ്ചിലേക്ക് അടുപ്പിച്ച് അവരുടെ ചെവിയോട് ചേർന്ന് സംസാരിക്കുന്ന ഒരു ശീലം അയാൾക്കുണ്ടായിരുന്നു. ഞങ്ങൾ അതൊഴിവാക്കാൻ ശ്രമിച്ചു. മത്സരങ്ങൾക്ക് ശേഷം ഹാൻഡ്‌ഷേക്കുകൾ നൽകുമ്പോൾ പോലും അയാൾക്ക് വലിച്ചടുപ്പിക്കാൻ കഴിയാത്തവിധം ദൂരെ നിന്നാണ് ഞങ്ങൾ കൈകൾ നീട്ടിയിരുന്നത്'- ആലം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |