
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള സർക്കുലർ പുറത്തിറക്കി ബിജെപി. സ്ഥാനാർത്ഥി പട്ടികയിൽ മതം നോക്കി സംവരണം നൽകാനാണ് ബിജെപിയുടെ തീരുമാനം. ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഇത്തരത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള സർവേ നടത്തിയെന്ന് കാണിച്ച് കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് സർക്കുലർ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ബിജെപിയുടെ സംസ്ഥാന നേതൃത്വം കേരളത്തിലെ ക്രിസ്‌ത്യൻ സഭകളുമായി അടുക്കുന്നതിനായി നിരന്തരം ശ്രമം നടത്താറുണ്ട്. ബിജെപിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായ ഷോൺ ജോർജിന്റെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. ഗ്രാമ പഞ്ചായത്തുകളിൽ കൃത്യമായ അനുപാതത്തിൽ ക്രിസ്‌ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കണമെന്ന തീരുമാനത്തെ തുടർന്നാണ് ജില്ലാനേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയത്.
ഇതിനിടയിൽ മുസ്ലീം സമുദായത്തോട് അടുക്കാനുള്ള നീക്കവും ബിജെപി സംസ്ഥാന ഘടകം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളിലും സന്ദർശനം നടത്താനൊരുങ്ങുകയാണ് പാർട്ടി. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി സന്ദർശനം നടത്താനാണ് തീരുമാനം. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
ന്യൂനപക്ഷങ്ങളെ ചേർത്തുനിറുത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാൻ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ മുസ്ലീം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകും. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ, വോട്ട് ലക്ഷ്യമിട്ടല്ല മുസ്ലീം സമുദായത്തോട് അടുക്കാൻ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ടെങ്കിലും വോട്ടുതന്നെയാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ക്രൈസ്തവ സമുദായവുമായി ബിജെപിക്ക് നല്ല ബന്ധമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടുനില ഉയർത്താൻ ബിജെപിയെ ക്രൈസ്തവ ബന്ധം സഹായിച്ചിട്ടുണ്ടെന്നും പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനും ക്രൈസ്തവവോട്ടുകൾ ചെറുതല്ലാത്ത സഹായമാണ് ചെയ്തത്.
ഈസ്റ്ററിന് മുന്നോടിയായി സ്നേഹയാത്ര എന്നപേരിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചാണ് സമുദായത്തോട് ബിജെപി അടുത്തുതുടങ്ങിയത്. ബൂത്തുതലംവരെയുള്ള നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുകയും യേശുദേവന്റെയും പ്രധാനമന്ത്രി മോദിയുടെയും ചിത്രങ്ങളുള്ള ആശംസാകാർഡുകൾ കൈമാറുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |