
നമുക്ക് ചുറ്റും കാണപ്പെടുന്ന മരങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് നമ്മള്‍ പോലും അറിയാത്ത ഗുണങ്ങളാണുള്ളത്. അതുപോലെ തന്നെ മറ്റുചിലതിന് നാം കരുതുന്നതിനേക്കാള്‍ ദോഷവും ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ പോലും അപഹരിക്കാന്‍ കഴിവുള്ളവയും അക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊന്നാണ് മഞ്ചിനീല്‍ മരം. മരണത്തിന്റെ മരം എന്നാണ് മഞ്ചിനീലിനെ വിശേഷിപ്പിക്കുന്നത്. ഇതില്‍ വളരുന്ന ഫലം കണ്ടാല്‍ ആപ്പിളുമായി സാമ്യമുള്ളതിനാല്‍ തന്നെ അപകടം സംഭവിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ചെറിയ ആപ്പിള്‍ എന്നാണ് മഞ്ചിനീലിന്റെ അര്‍ത്ഥം. ഇത് വളരുന്ന മരമാകട്ടെ ലോകത്തിലെ ഏറ്റവും അപകടകാരിയും. ലോകത്തെ ഏറ്റവും വിഷകരമായ വസ്തുക്കളുടെ സാന്നിദ്ധ്യം ഇവയിലുണ്ട്. മഞ്ചിനീലിന്റെ വെളുത്ത കറയില്‍ അനേകം വിഷവസ്തുക്കളുണ്ട്. തൊലിയിലും ഇലകളിലും പഴത്തിലുമൊക്കെ ഈ കറയുടെ സാന്നിദ്ധ്യമുണ്ട്. മഞ്ചിനീല്‍ കറ ശരീരത്തില്‍ പതിച്ചാല്‍ പൊള്ളലും തടിപ്പുമൊക്കെയുണ്ടാകും.
ഏകദേശം 50 അടിയോളം പൊക്കത്തില്‍ മഞ്ചിനീല്‍ വളരും. ചുവപ്പും ചാരനിറവും ചേര്‍ന്ന തൊലിയും പച്ചയും മഞ്ഞയും ഇടകലര്‍ന്ന പൂക്കളും തിളക്കമുള്ള പച്ച ഇലകളും ഇവയുടെ സവിശേഷതയാണ്. കരീബിയന്‍ ദ്വീപുകള്‍, യുഎസ്, മെക്‌സിക്കോ, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ ഉത്തരമേഖല എന്നിവിടങ്ങളിലൊക്കെ ഈ മരങ്ങള്‍ കാണപ്പെടാറുണ്ട്. കടല്‍ത്തീരങ്ങളിലും കണ്ടല്‍ക്കാടുകളിലുമൊക്കെ ഇവയെ കാണാന്‍ കഴിയും.
ഇതിന്റെ പഴം കഴിച്ചാല്‍ വയറ്റിനുള്ളില്‍ പൊള്ളലുണ്ടാകാനും മരണം സംഭവിക്കാനും സാദ്ധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ മഴ സമയത്ത് ഇതിന്റെ ചുവട്ടില്‍ നിന്നാല്‍ അതില്‍ നിന്ന് ഊര്‍ന്ന് വരുന്ന വെള്ളം കാരണം അസ്വസ്തതയുണ്ടാകുന്നതും പതിവാണ്. അതേസമയം, കൊടും വിഷമാണെങ്കിലും ഇവയെക്കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് പറയാന്‍ കഴിയില്ല. കടല്‍ത്തീരം ഒലിച്ചുപോകുന്നതിനെ ഇവ പ്രതിരോധിക്കാറുണ്ട്. പല രാജ്യങ്ങളും ഇൗ മരങ്ങളില്‍ നിന്ന് അപകടമുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |