
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഭാഗമായി എന്യുമറേഷൻ ഫോമുമായി ബി.എൽ.ഒമാർ വീടുകളിലെത്തി തുടങ്ങി. പലയിടങ്ങളിലും ഫോം വീട്ടിൽ കൊടുത്തിട്ട് പോവുകയാണ്. എന്നാൽ ഫോം പൂരിപ്പിക്കുമ്പോഴുള്ള ആശയക്കുഴപ്പം വ്യാപകമാണ്. ഇത് പരിഹരിക്കാൻ ബി.എൽ.ഒമാർ സഹായിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതില്ലെന്ന പരാതിയുമുണ്ട്. എന്യുമറേഷൻ ഫോം സ്വന്തമായി തന്നെ പൂരിപ്പിക്കാവുന്നതേയുള്ളൂ.
എന്താണ് എസ്.ഐ.ആർ
2002ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള വോട്ടർമാരെ പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ നിലനിറുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്നതാണ് എസ്.ഐ.ആർ.
വോട്ടർമാർ ചെയ്യേണ്ടത്
1. വോട്ടർപട്ടികയിൽ സ്വന്തം പേര് നിലനിറുത്തുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകണം. 2002ലെ വോട്ടർപട്ടികയിലുള്ളവരാണെങ്കിൽ അതിന്റെ വിവരങ്ങളോ, 2002ലെ വോട്ടർപട്ടികയിലുള്ള ഏതെങ്കിലും ബന്ധുവിന്റെ വിവരങ്ങളോ നൽകണം. അതുമില്ലെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നൽകേണ്ടിവരും.
2. വോട്ടർമാർ എനുമറേഷൻ ഫോം പൂരിപ്പിച്ച് ഡിസംബർ നാലിന് മുമ്പ് നൽകണം. തുടർന്ന് ഡിസംബർ 9ന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് നോക്കി ഉറപ്പാക്കണം. പേരില്ലെങ്കിൽ ബി.എൽ.ഒയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികളെടുക്കണം.
പ്രക്രിയ ഇങ്ങനെ?
1. വിവരങ്ങൾ നൽകാൻ രണ്ടുഘട്ടങ്ങളുണ്ട്. ആദ്യഘട്ടം നവംബർ 4 മുതൽ ഡിസംബർ 4വരെ. ആദ്യഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കാൻ ഇലക്ഷൻ കമ്മിഷൻ ചുമതലപ്പെടുത്തിയ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വീട്ടിലെത്തി എല്ലാ വോട്ടർമാർക്കും എനുമറേഷൻ ഫോം നൽകും. അത് കൃത്യമായി പൂരിപ്പിച്ച്, പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, ഒപ്പിട്ട് നൽകണം. വേറെ രേഖകളൊന്നും നൽകേണ്ടതില്ല.
2. നൽകിയ വിവരങ്ങൾ തൃപ്തികരമെങ്കിൽ ഡിസംബർ 9ന് പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ പേരുണ്ടാകും. പേരില്ലെങ്കിൽ രണ്ടാംഘട്ടത്തിൽ അധിക വിവരങ്ങൾ നൽകേണ്ടിവരും. അതിനായി ഇലക്ഷൻ കമ്മിഷൻ ചുമതലപ്പെടുത്തിയ ബന്ധപ്പെട്ട പ്രദേശത്തെ ഇ.ആർ.ഒ നോട്ടീസ് നൽകി വിളിപ്പിക്കും. ആ കൂടിക്കാഴ്ചയിൽ ആവശ്യമായ രേഖകൾ നൽകണം.
എസ്.ഐ.ആറിൽ സഹകരിച്ചില്ലെങ്കിൽ?
പുതിയ വോട്ടർപട്ടികയിൽ പേരുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. പാസ്പോർട്ട് തുടങ്ങിയ രേഖകൾ വാങ്ങാൻ ശ്രമിക്കുമ്പോൾ പ്രയാസമുണ്ടാകും.
എനുമറേഷൻ ഫോം പൂരിപ്പിക്കുമ്പോൾ
വോട്ടർപട്ടികയിൽ പേരുള്ളവരാണ് എനുമറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടത്. 1,200വോട്ടർമാർക്ക് ഒരു ബി.എൽ.ഒ എന്നതാണ് ആനുപാതം. വീട്ടിലെത്തുന്ന ബി.എൽ.ഒമാർക്ക് എനുമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ മതി,
ജനനതീയതി, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, മൊബൈൽ നമ്പർ, ഏറ്റവും പുതിയ ഫോട്ടോ എന്നിവയാണ് കൈയിലുണ്ടാകണം. കൂടാതെ 2002ലെ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിച്ച്, നിയോജകമണ്ഡലം, അതിന്റെ നമ്പർ, വോട്ടർപട്ടികയിലെ ഭാഗം, ക്രമനമ്പർ എന്നിവയും അറിഞ്ഞുവയ്ക്കണം. ഇത് വെബ്സൈറ്റിൽ ലഭ്യമാണ്. എടുക്കാനായില്ലെങ്കിൽ ബി.എൽ.ഒയുടെ സഹായത്തോടെ കണ്ടെത്താം. ഇതിനുശേഷമാണ് ഫോം പൂരിപ്പിക്കേണ്ടത്.
എനുമറേഷൻ ഫോമിന് മൂന്ന് ഭാഗങ്ങളുണ്ട്. അതെല്ലാം പൂരിപ്പിക്കണം. ഫോമിന്റെ മുകളിൽ ഇടതുവശത്തായി പഴയ ഫോട്ടോയുടെ അടുത്തായി ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഒന്നാമത്തെ ഭാഗത്ത് 9 കോളങ്ങളുണ്ട്.
ഫോം പൂരിപ്പിക്കേണ്ട മാതൃക
(പേരും ആധാർനമ്പറും അടക്കം സാങ്കല്പികം)
1. ജനന തീയതി: 31-05-1965
2. ആധാർ നമ്പർ: 6646 2835 3546
3. മൊബൈൽ നമ്പർ: 99485 96485
4. പിതാവിന്റെ പേര്: കെ.ശിവദാസൻ
5. പിതാവിന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ: SCH 2647189 (അറിയാമെങ്കിൽ മാത്രം നൽകിയാൽ മതി)
6. മാതാവിന്റെ പേര്: ജഗദംബിക ശിവദാസൻ
7. മാതാവിന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ: SCH 2647209 (അറിയാമെങ്കിൽ മാത്രം നൽകിയാൽ മതി)
8. പങ്കാളിയുടെ പേര്: (താത്പര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതി)
9. പങ്കാളിയുടെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ: (അറിയാമെങ്കിൽ മാത്രം നൽകിയാൽ മതി)
രണ്ടാം ഭാഗത്ത് അവസാന എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ട വോട്ടറുടെ വിവരങ്ങളാണ് നൽകേണ്ടത്. അതായത് 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പത്ത് കാര്യങ്ങളാണ് നൽകേണ്ടത്
1. വോട്ടറുടെ പേര്: രാമചന്ദ്രൻ.എസ്
2. വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ: YPR 2637456
3. 2002ലെ വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിന്റെ പേര്: ജഗദംബിക ശിവദാസൻ
4. ബന്ധം: മാതാവ്
5. ജില്ല: തിരുവനന്തപുരം
6. സംസ്ഥാനം: കേരളം
7. നിയമസഭാ മണ്ഡലത്തിന്റെ പേര്: കഴക്കൂട്ടം
8. നിയമസഭാ മണ്ഡലത്തിന്റെ നമ്പർ: 132
9. വോട്ടർപട്ടികയിലെ ഭാഗം: (പോളിംഗ് സ്റ്റേഷന്റെ നമ്പറാണ് നൽകേണ്ടത്)
10. ക്രമനമ്പർ: 572 (വോട്ടർ പട്ടികയിലെ ക്രമനമ്പർ)
മൂന്നാംഭാഗം രണ്ടാമത്തെ ഭാഗത്തിന് വലതുവശത്തായാണ്. ആദ്യഭാഗത്ത് നൽകിയ പിതാവ്, മാതാവ്, പങ്കാളി എന്നിവരിൽ ആരുടെങ്കിലും പേര് 2002ലെ വോട്ടർപട്ടികയിൽ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങളാണ് മൂന്നാം ഭാഗത്ത് നൽകേണ്ടത്. ഇവിടെയും പത്തുകോളങ്ങൾ പൂരിപ്പിക്കണം
1. വോട്ടറുടെ പേര്: ജഗദംബിക ശിവദാസൻ
2. വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ: SCH 2647209
3. ബന്ധുവിന്റെ പേര്: രാമചന്ദ്രൻ.എസ്
4. അദ്ദേഹവുമായുള്ള ബന്ധം: മകൻ
5. ജില്ലയുടെ പേര്: തിരുവനന്തപുരം
6. സംസ്ഥാനത്തിന്റെ പേര്: കേരളം
7. നിയമസഭാ മണ്ഡലത്തിന്റെ പേര്: ആറ്റിങ്ങൽ
8. നിയമസഭാ മണ്ഡലത്തിന്റെ നമ്പർ:128
9. വോട്ടർപട്ടികയിലെ ഭാഗം: ബൂത്ത് നമ്പർ നൽകണം
10. വോട്ടർപട്ടികയിലെ ക്രമനമ്പർ: വോട്ടർപട്ടികയിൽ ജഗദംബികയുടെ ക്രമനമ്പർ 674
കരട് വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ മൂന്നായി തിരിച്ചിട്ടുണ്ട്
1. 1987ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖസമർപ്പിക്കണം.
2. 1987 ജൂലായ് ഒന്നിനും 2004ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്നരേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
3. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: സ്വന്തം ജനനതീയതിയും ജനന സ്ഥലവും തെളിയിക്കുന്നരേഖകൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനനസമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്‌പോർട്ടിന്റെയും പകർപ്പ് നൽകണം.
സമർപ്പിക്കാവുന്ന രേഖകൾ
1. കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന്/ പെൻഷൻകാരന് നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/പെൻഷൻ പേയ്‌മെന്റ് ഓർഡർ
2. 01-07-1987 ന് മുമ്പ് ഇന്ത്യയിൽ സർക്കാർ/തദ്ദേശീയ അധികാരികൾ/ബാങ്കുകൾ/പോസ്റ്റ് ഓഫീസ്/എൽ.ഐ.സി/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്/രേഖ.
3. യോഗ്യതയുള്ള അധികാരി നൽകുന്ന ജനന സർട്ടിഫിക്കറ്റ്
4. പാസ്‌പോർട്ട്
5. അംഗീകൃത ബോർഡുകൾ/സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
6. യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
7. വനാവകാശ സർട്ടിഫിക്കറ്റ്
8. ഒബിസി/ എസ്.സി/എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
9. ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലനിൽക്കുന്നിടത്തെല്ലാം)
10. സംസ്ഥാന/തദ്ദേശീയ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
11. സർക്കാർ നൽകുന്ന ഏതെങ്കിലും ഭൂമി/വീട് അലോട്ട്‌മെന്റ് സർട്ടിഫിക്കറ്റ്
12. ആധാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |