
കൊച്ചി: ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്ന കാലമാണെന്നും ടൂറിസം - പെട്രോളിയം മന്ത്രിയാണെങ്കിലും റെയിൽവേയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം-ബംഗളൂരു റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയിൽ ഇന്നുരാവിലെയാണ് ഫ്ളാഗ് ഓഫ് നടന്നത്. കേരളത്തിന് പുറമെ ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹരൻപൂർ, ഫിറോസ്‌പൂർ-ഡൽഹി റൂട്ടുകളിലും പുതിയ വന്ദേ ഭാരത് എത്തി.
'വന്ദേ ഭാരത് എന്ന വിപ്ളവ റെയിൽ ഓപ്പറേഷൻ വന്നപ്പോൾ മറ്റുപല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളും വേഗവുമായി ബന്ധപ്പെട്ടും അനേകം പരാതി ഉയർന്നു. ഇതൊക്കെ ബാലൻസ് ചെയ്യണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗകര്യം ഒരുക്കാൻ റെയിൽവേ സജ്ജമാണ്. ഈ വർഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി നീക്കിവച്ചത്. പതിനായിരം കോടിയോ അതിൽ കൂടുതലോ നൽകാൻ റെയിൽവേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം.
വന്ദേ ഭാരതിന്റെയും എക്‌സ്‌പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വർദ്ധിപ്പിക്കാനാകും. പക്ഷേ ഇവിടത്തെ വളവുകൾ നിവർത്തേണ്ടതുണ്ട്. സീറോ കർവ്, നോ കർവ്, ഡീപ് കർവ് റെയിൽ ലൈൻ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണം. ലൊക്കേഷൻ ഒഫ് റെയിൽവേ സ്റ്റേഷൻ എന്നത് പ്രധാനമാണ്. കൊച്ചിയുടെ ജീവിത സാഹചര്യം മെച്ചപ്പെടണമെങ്കിൽ പൊന്നുരുന്നിയിൽ 110-117 ഏക്കറിൽ കേരളത്തിന്റെ ഏറ്റവും വലിയ ഹബ് വരണം. ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷൻ പോലെയുള്ള ഒരു റെയിൽവേ സ്റ്റേഷനാണ് സ്വപ്‌നം കാണുന്നത്.
റെയിൽവേ ഇല്ലാത്തതുകൊണ്ട് ജീവിത സൗകര്യങ്ങളില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും കേരളത്തിൽ കാണും. അതിന് പ്രതിവിധി കാണണം. കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണം. അതിന് സീറോ കർവ് ഭൂമി ആവശ്യമാണ്. തൃശൂരിലേക്കുള്ള മെട്രോ അല്ല, മറിച്ച് കോയമ്പത്തൂർ വരെയുള്ള മെട്രോ ആണ് ഞാൻ പറഞ്ഞത്'- സുരേഷ് ഗോപി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |