
ഭോപ്പാൽ: സ്‌കൂൾ യൂണിഫോം ധരിച്ച് മദ്യം വാങ്ങാനെത്തിയ വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവന്നതോടെ വിമർശനങ്ങളുയരുന്നു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. യൂണിഫോം ധരിച്ച് ബാഗ് തോളിൽ തൂക്കിയാണ് വിദ്യാർത്ഥി കടയിലേക്ക് കടന്നുവന്നത്. മദ്യം ആവശ്യപ്പെട്ടതോടെ ജീവനക്കാരൻ വിദ്യാർത്ഥിയെ ഒരുപാട് ശകാരിക്കുന്നുണ്ട്. ശേഷം കുട്ടിക്ക് മദ്യക്കുപ്പി കൊടുക്കുന്നുമുണ്ട്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. മദ്ധ്യപ്രദേശിലെ മൃഗസംരക്ഷണ മന്ത്രി ലഖൻ പട്ടേലിന്റെ മണ്ഡലമായ പത്താരിയയിലാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കുപോലും മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങാനുളള സാഹചര്യമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദാമോ ജില്ലാ കളക്ടർ സുധീർ കൊച്ചാർ ഉത്തരവിട്ടിട്ടുണ്ട്. എക്‌സൈസിനാണ് അന്വേഷണ ചുമതല. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ യുവാക്കൾക്കിടയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും സംസ്ഥാനത്ത് സമാനമായ സംഭവം അരങ്ങേറിയിരുന്നു. മാണ്ട്‌ല ജില്ലയിലെ നൈൻപൂരിലായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോം ധരിച്ചെത്തിയ പെൺകുട്ടികൾ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങിയതും വാർത്തകളിൽ ഇടംപിടിച്ചു. ഷാളുപയോഗിച്ച് മുഖം മറച്ചാണ് പെൺകുട്ടികളെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വൈറലായതോടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശുതോഷ് താക്കൂർ, തഹസിൽദാർ, ലോക്കൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |