കൊച്ചി: കൊച്ചി രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ വഴി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 5000 കിലോ ചെമ്പു കമ്പി മോഷണം പോയെന്ന പരാതിയിൽ 10 കൊല്ലത്തിന് ശേഷം കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. 20 തവണ പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കാതെ തിരിച്ചയച്ചതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ടെയ്നർ കപ്പലിൽ 2015 ഫെബ്രുവരി 9ന് കൊച്ചി തുറമുഖത്ത് എത്തിയ 17 ലക്ഷം രൂപയുടെ ചെമ്പുകമ്പികളാണ് കാണാതായത്. കരുനാഗപ്പള്ളി കേന്ദ്രമായ മെർച്ചന്റ് ട്രേഡിംഗ് സ്ഥാപനമായ ടാക്കിയോൺസാണ് ഹെൻസെൻ എന്ന ചൈനീസ് കമ്പനിയുമായി ചെമ്പുകമ്പി ഇറക്കുമതി കരാർ ഒപ്പിട്ടത്. വല്ലാർപാടത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഷിപ്പിംഗ്‌ലൈൻ കമ്പനിയെയാണ് ചെമ്പുകമ്പി കൊണ്ടുവരാൻ ചുമതലപ്പെടുത്തിയത്. കപ്പലിൽ തുറമുഖത്ത് ഇറക്കിയ കണ്ടെയ്നർ കസ്റ്റംസ് ഇൻസ്പെക്ഷന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കണ്ടെയ്‌നറിന്റെ സീൽ പൊട്ടിയെന്നും 5000 കിലോ ചെമ്പുകമ്പി കാണാനില്ലെന്നും ശ്രദ്ധയിൽപ്പെട്ടത്.
ടാക്കിയോൺസ് എം.ഡി ചന്ദ്രഭാനു 2015 ൽ തന്നെ പരാതിയുമായി മുളവുകാട് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സിറ്റി പൊലീസ് കമ്മിഷണറെ സമീപിക്കാനായിരുന്നു നിർദ്ദേശം. കമ്മിഷണറുടെ ഓഫീസിൽ എത്തിയാൽ മുളവുകാട് സി.ഐയെ കാണാൻ പറഞ്ഞ് തിരിച്ചയയ്‌ക്കും. ഇതിൽ മനംമടുത്താണ് ചന്ദ്രഭാനു ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, ചെമ്പുകമ്പി കാണാതായ വകയിൽ 15 ലക്ഷം രൂപ ടാക്കിയോൺസിന് ഷിപ്പിംഗ് ലൈൻ കമ്പനി നഷ്ടപരിഹാരം നൽകാൻ സിവിൽ കോടതി ഉത്തരവായിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |