
മലപ്പുറം: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടയിലും പ്രാദേശിക തലത്തിൽ നീക്കുപോക്കുമായി മുന്നണികൾ. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫും എൽ.ഡി.എഫും മലപ്പുറത്ത് മാത്രം 45 പഞ്ചായത്തുകളിൽ കൂട്ടുകെട്ടുണ്ടാക്കിയെന്നാണ് വിവരം. ഇതിൽ നല്ലൊരു പങ്കും യു.ഡി.എഫുമായാണ്. ജനകീയ മുന്നണിയുടെ ബാനറിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരിവേഷത്തിലാണ് എൽ.ഡി.എഫുമായുള്ള കൂട്ടുകെട്ട്.
എൽ.ഡി.എഫ് ബാനറിൽ എവിടെയും മത്സരിക്കില്ല. യു.ഡി.എഫിൽ അസ്വാരസ്യങ്ങളുള്ള ഇടങ്ങളിലാണ് ഈ കൂട്ടുകെട്ട്. നാല് പഞ്ചായത്തുകളിൽ യു.ഡി.എഫ് ബന്ധം തീർത്തും തകർന്നിട്ടുണ്ട്. പുറമെ, പല വാർഡുകളിലും ലീഗ്- കോൺഗ്രസ് പോരുമുണ്ട്. വെൽഫെയറുമായി യാതൊരു സഖ്യവുമില്ലെന്നാണ് സി.പി.എമ്മിന്റെ വാദം. അതേസമയം യു.ഡി.എഫുമായി വെൽഫെയറിന് പരസ്യ സഖ്യം പലയിടങ്ങളിലുമുണ്ട്. ബന്ധം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം മൗനം പുലർത്തുമ്പോൾ, സഖ്യത്തെ മുസ്‌ലിം ലീഗ് തള്ളിപ്പറഞ്ഞിട്ടില്ല.
അങ്ങാടിപ്പുറം പഞ്ചായത്തിൽ യു.ഡി.എഫുമായി സഹകരിച്ച് രണ്ട് വാർഡുകളിലും മമ്പാട് പഞ്ചായത്തിൽ ഒരു വാർഡിലും മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വാർഡുകളിൽ യു.ഡി.എഫിനെ പിന്തുണയ്ക്കും. മക്കരപ്പറമ്പ് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പിന്തുണയോടെയാണ് മുസ്‌ലിം ലീഗ് ഭരിക്കുന്നത്. ഇവിടെയും സഖ്യം തുടർന്നേക്കും.
കഴിഞ്ഞ തവണ സംസ്ഥാനത്ത് 65 വാർഡുകളിലാണ് വെൽഫെയർ പാർട്ടി വിജയിച്ചത്.
സമസ്തയിൽ
നീരസം
മുസ്ലിം ലീഗ് -വെൽഫെയർ പാർട്ടി ബന്ധത്തിൽ സമസ്തയിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധ ചേരി ഇതിന് ആക്കം കൂട്ടുന്നുണ്ട്.
മത രാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയറുമായി കൂട്ടുകൂടുന്നത് മുസ്‌ലിം ലീഗിന്റെ മതേതര മുഖത്തിന് കോട്ടം തട്ടിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |