
കറാച്ചി: ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) കീഴിൽ പ്രത്യേക യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. 'എസ് 1" (സബ് വേർഷൻ 1) എന്നറിയപ്പെടുന്ന ഈ യൂണിറ്റിന് 1993ലെ മുംബയ് സ്ഫോടനം മുതൽ പഹൽഗാം ഭീകരാക്രമണം വരെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതും ഈ യൂണിറ്റാണ്. പാക് കരസേനയിലെ ഒരു കേണലാണ് യൂണിറ്റിന്റെ മേധാവി. 'ഗാസി 1", 'ഗാസി 2" എന്നീ കോഡ് നാമങ്ങളിൽ അറിയപ്പെടുന്ന രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ സജീവ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. അനധികൃത മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണമാണ് ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ യൂണിറ്റ് ഉപയോഗിക്കുന്നത്.
യൂണിറ്റിലെ അംഗങ്ങൾക്കും പരിശീലകർക്കും ബോംബ് നിർമ്മാണവും മാരക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതും വ്യക്തമായി അറിയാം. ഇന്ത്യയിലെ പല പ്രദേശങ്ങളുടെയും വിശദമായ ഭൂപടങ്ങളും ഇവരുടെ പക്കലുണ്ടെന്ന് കരുതുന്നു. കഴിഞ്ഞ 25 വർഷമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമാണെങ്കിലും സമീപകാലത്താണ് ഇന്ത്യൻ ഏജൻസികൾ ഇവരുടെ വ്യാപ്തി പൂർണമായും മനസിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജെയ്‌ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രങ്ങളിലും എസ് 1 യൂണിറ്റിലെ അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സാധാരണക്കാരെ പോലെ വേഷം മാറിയാണ് ഇവരുടെ പ്രവർത്തനം. രണ്ട് ദശാബ്ദത്തിനിടെ ഇത്തരം കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് തീവ്രവാദികൾക്കാണ് എസ് 1 പരിശീലനം നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |