
കാസർകോട്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14കാരൻ തന്നെയാണ് വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് കുട്ടി സത്യം തുറന്നുപറഞ്ഞത്. വെടിവയ്‌ക്കാൻ ഉപയോഗിച്ച എയർഗണ്ണും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്‌ച വൈകിട്ടാണ് ഹിദായത്ത് നഗറിലെ പ്രവാസിയുടെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായത്. സംഭവത്തിൽ വീടിന്റെ ബാൽക്കണിയിലെ ചില്ല് തകർന്നിരുന്നു. ഈ സമയം ഇദ്ദേഹത്തിന്റെ ഇളയമകനായ 14കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റ് രണ്ട് മക്കളും വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോയതായിരുന്നു.
മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ ശബ്‌ദം കേട്ടെന്നും പുറത്തേക്ക് നോക്കിയപ്പോൾ നാലംഗ സംഘം കാറിൽ കയറി പോകുന്നത് കണ്ടെന്നുമാണ് 14കാരൻ ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനുപിന്നാലെ 14കാരനെ വിശദമായി ചോദ്യംചെയ്‌തതോടെയാണ് സംഭവത്തിന്റെ യാഥാർത്ഥ്യം വ്യക്തമായത്. വിദേശത്തുള്ള പിതാവ് സൂക്ഷിച്ചുവച്ചിരുന്ന എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |