സംഭവം കൊച്ചി തമ്മനത്ത്
ടാങ്കിന് 45 വർഷം പഴക്കം
ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാട്
7 വീടുകളിൽ വെള്ളംകയറി നാശം
കൊച്ചി: തമ്മനം കുത്താപ്പാടിയിൽ ജല അതോറിറ്റിയുടെ 45 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ കുടിവെള്ള സംഭരണിയുടെ ഒരു ഭാഗം തകർന്ന് സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും കനത്ത നാശം. കോർപ്പറേഷൻ 45-ാം ഡിവിഷനിലെ 1.36 കോടി ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണിയുടെ രണ്ട് ടാങ്കുകളിൽ ഒന്നിന്റെ ഭാഗമാണ് തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ മണ്ണിലേക്ക് ഇരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ടാങ്കിന് സമീപത്ത് താമസിക്കുന്ന തൈക്കൂട്ടത്തിൽ ജൂഡിത്ത് ജോർജിന്റെ വീടിന്റെ മതിൽ വെള്ളപ്പാച്ചിലിൽ ഇടിഞ്ഞു. ഏഴ് വീടുകളിൽ വെള്ളം ഇരച്ചുകയറി. ഉറക്കത്തിനിടെ വീടിനുള്ളിലേക്ക് വെള്ളമെത്തിയതോടെ ആളുകൾ അമ്പരന്നു.
പത്ത് ഇരുചക്രവാഹനങ്ങളും നാല് ഓട്ടോറിക്ഷകളും രണ്ട് കാറുകളും വെള്ളപ്പാച്ചിലിൽ അകപ്പെട്ടു. വെള്ളവും ചെളിയും കയറി ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും നശിച്ചു. കുത്താപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. താഴത്തെ നിലയിലെ മരുന്നുകളും രേഖകളും നശിച്ചു.
നഗരത്തിലെ 30 ശതമാനം പ്രദേശത്ത് കുടിവെള്ളം തടസപ്പെടും. ഇത് പരിഹരിക്കാൻ അവശേഷിക്കുന്ന ടാങ്കിൽ നിന്നുള്ള പമ്പിംഗ് ക്രമീകരിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, മേയർ അഡ്വ.എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൗൺസിലർമാരായ സക്കീർ തമ്മനം, ജോർജ് നാനാട്ട് തുടങ്ങിയവർ സ്ഥലത്തെത്തി. നാശനഷ്ടമുണ്ടായ വീടുകളും കുടുംബാരോഗ്യ കേന്ദ്രവും മന്ത്രിമാർ സന്ദർശിച്ചു.
ജലവിതരണത്തിന് പണം ഈടാക്കില്ല
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് പണം ഈടാക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് മന്ത്റിമാർ നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ് എന്നിവർക്കാണ് ഏകോപന ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |