
വാഷിംഗ്ടൺ: യു.എസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് തലവേദനയായി മാറിയ 'ഷട്ട്‌ഡൗൺ" അവസാനിക്കാൻ വഴിയൊരുങ്ങി. ഷട്ട്‌ഡൗൺ മൂലം സ്തംഭിച്ച സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നിർണായക നീക്കം സെനറ്റിൽ വിജയിച്ചു. 2026 ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള ബില്ലിന് സെനറ്റിൽ പ്രാരംഭ അംഗീകാരം ലഭിച്ചു.
ഇനി സെനറ്റിലെ അന്തിമ വോട്ടും ജനപ്രതിനിധി സഭയിലെ വോട്ടും മറികടന്നാൽ കഴിഞ്ഞ 41 ദിവസമായി തുടരുന്ന ഷട്ട്ഡൗൺ ഇടക്കാലത്തേക്ക് അവസാനിപ്പിക്കാൻ സർക്കാരിന് അവസരം ലഭിക്കും. ജനുവരി 30 വരെ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടില്ല. ഇതിനിടെയിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും. ഫെഡറൽ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളവും ലഭിക്കും.
ഡെമോക്രാറ്റിക് അംഗങ്ങളുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലെ ആദ്യ കടമ്പ മറികടന്നത്. 100 അംഗ സെനറ്റിൽ 53 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. 60 അംഗങ്ങളുടെ പിന്തുണ വേണം ബിൽ പാസാകാൻ. റിപ്പബ്ലിക്കൻമാർ മുന്നോട്ടുവച്ച ചില വിട്ടുവീഴ്ചകൾ ഉൾക്കൊള്ളുന്ന കരാർ, പാർട്ടി നേതൃത്വത്തെ അവഗണിച്ച് ഒരു വിഭാഗം ഡെമോക്രാറ്റുകൾ അംഗീകരിച്ചതോടെയാണ് പ്രാരംഭ വോട്ട് മറികടക്കാനായത്.
വരുമാനം കുറഞ്ഞ അമേരിക്കക്കാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് സബ്സിഡി പദ്ധതി നീട്ടാനുള്ള വോട്ട് ഡിസംബറിൽ നടത്താമെന്ന് റിപ്പബ്ലിക്കൻമാർ സമ്മതിച്ചു. ബില്ലിനെ 60 പേർ പിന്തുണച്ചപ്പോൾ, 40 പേർ എതിർത്തു. ഇന്ത്യൻ സമയം ഇന്നലെ രാത്രി സെനറ്റ് വീണ്ടും ചേർന്നതോടെ അന്തിമ വോട്ട് പൂർത്തിയാക്കി ബിൽ വേഗത്തിൽ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ റിപ്പബ്ലിക്കൻമാർ തുടങ്ങി.
# ശമ്പളമില്ലാതെ 14 ലക്ഷം പേർ
1. സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ധനാനുമതി ബിൽ സെനറ്റിൽ പാസാക്കാൻ കഴിയാത്തതോടെ ഒക്ടോബർ 1ന് ഷട്ട്‌ഡൗൺ പ്രഖ്യാപിച്ചു (ഒക്ടോബർ 1 മുതലാണ് യു.എസിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത്). നിറുത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യം നിരാകരിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചു. യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്‌ഡൗൺ
2. ഭക്ഷ്യ സുരക്ഷാ പദ്ധതികളെയും വ്യോമഗതാഗതത്തെയും ബാധിച്ചു. 14 ലക്ഷം ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ഇതിൽ, എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ, സൈനികർ തുടങ്ങി അവശ്യ സേവനത്തിൽപ്പെടുന്നവർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. മറ്റുള്ളവർ താത്കാലിക അവധിയിൽ. പ്രതിദിന വ്യോമഗതാഗതം വെട്ടിക്കുറച്ചു. ഞായറാഴ്ച റദ്ദാക്കിയത് 2,100ലേറെ ഫ്ലൈറ്റുകൾ
# നമ്മൾ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിന് വളരെ അടുത്തെത്തി.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |