
തിരുവനന്തപുരം : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും പുന്നയ്ക്കാമുകൾ വാർഡിൽ. സിറ്റിംഗ് സീറ്റ് നിലനിറുത്താൻ ബി.ജെ.പിയും പിടിച്ചെടുക്കാൻ എൽ.ഡി.എഫും കരുക്കൾ നീക്കുമ്പോൾ അട്ടിമറി വിജയത്തിനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ്. കോൺഗ്രസിൽ നിന്നെത്തിയ കെ.മഹേശ്വരൻ നായരിലാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. മുതിർന്ന സി.പി.എം നേതാവ് ആർ.പി.ശിവജിയാണ് എൽ.ഡി.എഫിന്റെ കരുത്ത്.
യൂത്ത് കോൺഗ്രസ് നേതാവ് ശ്രീജിത്തിലൂടെ യു.ഡി.എഫും കടുത്ത പേരാട്ടത്തിലാണ്.യുവനേതാവിലൂടെ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിക്കുകയാണ് കോൺഗ്രസ്.യൂത്ത് കോൺഗ്രസ് നേമം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ശ്രീജിത്ത്.ആറിന്റെ കന്നിയങ്കമാണിത്.എതിരാളികൾ ആരെന്ന് അറിയുന്നതിന് മുമ്പേ ശ്രീജിത്ത് ആദ്യ റൗണ്ട് പ്രചാരണം പിന്നിട്ടു. നേരത്തെ കോൺഗ്രസ് പുന്നയ്ക്കാമുഗൾ വാർഡ് പ്രസിഡന്റായിരുന്നു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് എത്തി. ഇവന്റ് മാനേജ്മെന്റാണ് തൊഴിൽമേഖല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുവാർഡിനെ മഞ്ജു.പി.വിയാണ് ബി.ജെ.പിക്കുവേണ്ടി പിടിച്ചെടുത്തത്. ഇത് നിലനിറുത്താനാണ് കരുത്തോടെ കെ.മഹേശ്വരൻ നായരെ മത്സരരംഗത്തിറക്കിയത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മഹേശ്വരൻനായർ 10വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരത്തിറങ്ങുന്നത്. അഞ്ചുതവണയും കൈപ്പത്തിയായിരുന്നു ചിഹ്നം. ഇപ്പോൾ താമര.നാലുതവണ വിജയിച്ചു. പൂജപ്പുരയിൽ നിന്ന് മൂന്നുവട്ടവും ഇപ്പോഴത്തെ പുന്നയ്ക്കാമുകൾ ഉൾപ്പെടുന്ന പഴയചെങ്കള്ളൂർ വാർഡിൽ ഒരുതവണയും ജയിച്ചു.പൂജപ്പുരയിൽ 2015ലാണ് പരാജയപ്പെട്ടത്.കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവ്,പാർലമെന്റി പാർട്ടി ലീഡർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.പി.ശിവജി മത്സരംഗത്ത് മൂന്നാംവട്ടമാണ്. 2015ൽ പുന്നയ്ക്കാമുകൾ വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.കഴിഞ്ഞതവണ തൊട്ടടുത്ത് തിരുമലയിലേക്ക് ചുവടുമാറ്റിയെങ്കിലും പരാജയപ്പെട്ടു.എൽ.ഡി.എഫിന് അടിത്തറയുള്ള വാർഡ് ഇക്കുറി തിരിച്ചുപിടിയ്ക്കുകയെന്ന ദൗത്യമാണ് ശിവജിക്കുള്ളത്. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് എത്തിയ ശിവജി, എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ എന്നിവയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ഏരിയ സെക്രട്ടിയായും പ്രവർത്തിച്ചു. നിലവിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |