
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തിന് പിന്നിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദയ്ക്ക് ഇന്ത്യയിലേക്ക് കടന്നുകയറിയുള്ള ഭീകരാക്രമണങ്ങൾക്ക് എന്നും കരുത്ത് പകരുന്നത് പാകിസ്ഥാന്റെ പിന്തുണയാണ്. ജമ്മു കാശ്മീരാണ് ഉന്നം. 2000ൽ മസൂദ് അസ്ഹറാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്. അബ്ദുൾ റൗഫ് അസ്ഹറാണ് സംഘടനയുടെ സുപ്രീം കമാൻഡർ. ദിയോബന്ദ് ജിഹാദിസം,സുന്നി ഇസ്ലാമിസം,ഇസ്ലാമിക മൗലികവാദം തുടങ്ങിയ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ പ്രവർത്തനം. പാകിസ്ഥാനിലെ ബഹാവൽപൂരാണ് നിലവിലെ ആസ്ഥാനം.
താലിബാൻ,അൽ ഖ്വയ്ദ,ലഷ്കറെ ത്വയ്ബ,ഹിസ്ബുൾ മുജാഹിദ്ദീൻ,ഹർകത്തുൽ മുജാഹിദ്ദീൻ,അൻസർ ഘസ്വാത്തുൽ ഹിന്ദ്,ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുമായി ജെയ്‌ഷെയ്ക്ക് അടുത്ത ബന്ധമുണ്ട്. ഈ സംഘടനകളുമായി സഹകരിച്ച് ആക്രമണങ്ങളുമുണ്ടായി.
ഓപ്പറേഷൻ സിന്ദൂറിലും
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദിന് കനത്ത നാശം നേരിട്ടു. മസൂദ് അഹ്‌സറിന്റെ സഹോദരൻ യൂസഫ് അസ്ഹർ ഉൾപ്പെടെയുള്ള ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു. പാക് അധീന കാശ്മീരിലും പാകിസ്ഥാനിലുമുള്ള ജെയ്‌ഷെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. എന്നാൽ മാസങ്ങൾക്ക് ശേഷം ജെയ്‌ഷെ വീണ്ടും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ് പുതിയ ആക്രണമെന്നാണ് നിഗമനം. സെപ്തംബർ മുതൽ ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റം വർദ്ധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ജെയ്‌ഷെയ്ക്ക് എല്ലാ കാലത്തും പാകിസ്ഥാൻ സൈന്യത്തിന്റെയും ഐ.എസ്.ഐയുടെയും പിന്തുണയുമുണ്ട്. പാക് പിന്തുണയോടെയുള്ള ഭീകരപ്രവർത്തനം എന്ന ആരോപണം ഉയർന്നതോടെ 2002ൽ പാകിസ്ഥാൻ ഔദ്യോഗികമായി ജെയ്‌ഷെ മുഹമ്മദിനെ നിരോധിച്ചു. സംഘടനയുടെ നേതാക്കളിൽ പലരും അറസ്റ്റിലായി. എന്നാൽ ഇവരെല്ലാം പിന്നീട് മോചിപ്പിക്കപ്പെടുകയും ഭീകരപ്രവർത്തനം തുടരുകയും ചെയ്തു.
ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങൾ
2000 ഏപ്രിൽ 20: ശ്രീനഗറിൽ ആർമി 15 കോർപ്‌സ് ആസ്ഥാനത്ത് ചാവേർ സ്‌ഫോടനം. 4 സൈനികർ കൊല്ലപ്പെട്ടു.
2001 ഒക്ടോബർ 1: ജമ്മു കാശ്മീർ നിയമസഭാ ആക്രമണം. 31 മരണം
2001 ഡിസംബർ 13: പാർലമെന്റ് ആക്രമണം. 8 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഗാർഡ്‌നറും കൊല്ലപ്പെട്ടു. ഭീകരരെ സുരക്ഷാസേന വധിച്ചു.
2016 ജനുവരി 2: പത്താൻകോട്ട് എയർ ഫോഴ്‌സ് സ്‌റ്റേഷൻ ആക്രമണം. 7 സൈനികർ കൊല്ലപ്പെട്ടു.
2016 സെപ്തംബർ 18: ജമ്മു കാശ്മീരിലെ ഉറിയിലെ ഇന്ത്യൻ ആർമി ബ്രിഗേഡ് ആസ്ഥാനം ആക്രമണം. 19 സൈനികർ കൊല്ലപ്പെട്ടു.
2019 ഫെബ്രുവരി 14: പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹം ലക്ഷ്യമിട്ട് ചാവേർ സ്‌ഫോടനം. 40 ജവാൻമാർ കൊല്ലപ്പെട്ടു.
2024 ജൂലായ് 8ന് കത്വയിൽ അഞ്ച് സൈനികരും ജൂലായ് 15ന് ദോഡയിൽ നാല് സൈനികരും കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |