
പേരുപോലെ തന്നെ ഭീമനാണ് ഗോലിയാത്ത് ബേർഡ് ഈറ്റർ. ലോകത്തെ ഏറ്റവും വലിയ ചിലന്തി! ബ്രസീൽ, വെനസ്വേല തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഇരുണ്ട മഴക്കാടുകളിലാണ് ഈ വിഷ ചിലന്തികൾ കാണപ്പെടുന്നത്. പേരിൽ ബേർഡ് ഈറ്റർ എന്നൊക്കെയുണ്ടെങ്കിലും പക്ഷികളെ വളരെ അപൂർവമായാണ് ഇവ വേട്ടയാടുന്നത്. മണ്ണിര, ഷഡ്പദങ്ങൾ, തവള, പല്ലി തുടങ്ങി ചെറു പാമ്പുകളെ വരെ ഇവ ആഹാരമാക്കുന്നു.
വിഷ സ്രവം പുറപ്പെടുവിച്ച് നിമിഷ നേരം കൊണ്ട് ഇരയെ കീഴ്പ്പെടുത്തുന്നതാണ് രീതി. ഇവയുടെ കാലുകൾക്ക് 30 സെന്റീ മീറ്ററും ശരീരത്തിന് 11.9 സെന്റീ മീറ്ററും നീളമുണ്ട്. അതായത് മനുഷ്യന്റെ മുഖത്തോളം വലിപ്പം ഇവയുടെ ശരീരത്തിനേ വരും ! എലി, അണ്ണാൻ, മുയൽ തുടങ്ങിയവയുടെ തലയോട്ടി പിളർക്കാൻ ശേഷിയുള്ളതാണ് ഇവയുടെ നഖങ്ങൾ. ഒരു നായകുട്ടി ജനിക്കുമ്പോൾ എത്രയോളം ഭാരം ഉണ്ടാകുമോ അത്രത്തോളം വരും ഗോലിയാത്ത് ചിലന്തികളുടെ ഭാരം.
ഒരു കാൽ നഷ്‌ടപ്പെട്ടാലും ഗോലിയാത്തിന് നോ ടെൻഷൻ. എന്തെന്നാൽ അതിന്റെ സ്ഥാനത്ത് പുതിയ കാൽ വളർന്നു വരും. ശരീര കോശങ്ങൾക്ക് വളരാനുള്ള കഴിവുണ്ട് എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മറ്റു സ്‌പീഷീസുകളെ പോലെ പെൺ ഗോലിയാത്ത് ചിലന്തികൾ ആൺ ചിലന്തികളെ ആഹാരമാക്കാറില്ല. പെൺ ചിലന്തികൾക്ക് 15 മുതൽ 25 വർഷം വരെ ആയുസുണ്ട്.
അതേസമയം, ആൺചിലന്തികൾക്കാകട്ടെ വളർച്ച പൂർണമായതിന് ശേഷം മൂന്ന് മുതൽ ആറ് വരെ വർഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളു. ബ്രൗൺ നിറത്തിൽ കാണുന്ന ഇവയ്‌ക്ക് രോമാവൃതമായ ശരീരമാണുള്ളത്. ഗോലിയാത്തിന്റെ വിഷം മാരകമല്ലെങ്കിലും ഇവയുടെ കടിയേൽക്കുന്നത് കടന്നൽ കുത്തിന് സമാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |