
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ സുന്ദർ.സി പിന്മാറി. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അതീവദുഃഖത്തോടെയാണ് പിന്മാറുന്നതെന്ന് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കത്തിൽ സുന്ദർ.സി വ്യക്തമാക്കി.
കത്തിന്റെ പൂർണ്ണരൂപം
എന്റെ പ്രിയപ്പെട്ട ആരാധകർക്കും ആശംസകർക്കും ഹൃദയത്തിൽനിന്നുള്ള കുറിപ്പ്.വേദന നിറഞ്ഞ മനസോടെ ഒരു പ്രധാന വാർത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാലാണ് ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന തലൈവർ173 എന്ന മഹത്തായ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കഠിനമായ തീരുമാനം എടുക്കേണ്ടിവന്നത്. ഇതിൽ ഇതിഹാസനായകന്മാരായ സൂപ്പർസ്റ്റാർ ശ്രീ.രജനീകാന്ത് അവർകളും, ഉലകനായകൻ ശ്രീ.കമൽഹാസൻ അവർകളും പങ്കാളികളായിരുന്നത് എനിക്ക് സ്വപ്നസാക്ഷാത്കാരമായിരുന്നു.
ജീവിതത്തിൽ ചില സമയങ്ങളിൽ നമുക്ക് നിശ്ചയിക്കപ്പെട്ട വഴിയാണ് പിന്തുടരേണ്ടത്, അതു നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യത്യസ്തമായാലും. ഈ രണ്ടു ഇതിഹാസങ്ങളുമായുള്ള എന്റെ ബന്ധം ഏറെ പഴക്കമുള്ളതും, അവരെ ഞാൻ എന്നും അത്യുന്നത ബഹുമാനത്തോടെ കാണുന്നതുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നമ്മൾ പങ്കിട്ട അത്യന്തം മനോഹരമായ നിമിഷങ്ങൾ ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. അവർ എന്നെ പഠിപ്പിച്ച പാഠങ്ങൾ എനിക്കെന്തായാലും അനവധിയാണ്. അവരുടെ പ്രചോദനവും ജ്ഞാനവും ഞാൻ മുന്നോട്ടുള്ള യാത്രയിൽ തുടർന്നും തേടിക്കൊണ്ടിരിക്കും.
ഈ അവസരത്തിൽ നിന്ന് ഞാൻ പിന്മാറുമ്പോഴും, അവരുടെ മാർഗ്ഗനിർദേശങ്ങൾ തേടുന്നത് ഞാൻ തുടരുമെന്ന് ഉറപ്പുനൽകുന്നു. ഈ മഹത്തായ പദ്ധതിക്കായി എന്നെ പരിഗണിച്ചതിനായി ഞാൻ ഇരുവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ വാർത്ത നിങ്ങളിൽ ചിലരെ നിരാശരാക്കാനിടയായിരിക്കാമെന്ന് എനിക്ക് മനസ്സിലാകുന്നു, അതിനാൽ അതിനായി ഹൃദയത്തിൽനിന്നുള്ള ക്ഷമ ചോദിക്കുന്നു. നിങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സംരംഭം ഞാൻ നഷ്ടപ്പെടുത്തിയതിന്റെ പരിഹാരമായി, നിങ്ങളുടെ മനസ്സിൽ സന്തോഷം നിറക്കുന്ന മികച്ച വിനോദം സമ്മാനിക്കാനുള്ള എന്റെ പ്രതിജ്ഞ തുടരുന്നതാണ്.
നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസ്സിലാക്കലിനും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്‌നേഹം എനിക്ക് ലോകം തന്നെയാണെന്നും, മുന്നോട്ടും നിങ്ങളുമായി കൂടുതൽ ഓർമ്മകൾ സൃഷ്ടിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അറിയിക്കുന്നു.
സ്‌നേഹത്തോടെ,സുന്ദർ.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |