
മുംബയ്: സ്വവർഗ ദമ്പതികളായ യുവാക്കൾക്ക് നികുതി ആനുകൂല്യം നൽകണമെന്ന ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2)(എക്സ്) ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സ്വവർഗ ദമ്പതികൾ ഹർജി നൽകിയത്. അഭിഭാഷകനായ വിവേദ് ശിവൻ, പായിയോ അഷിഹോ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
നിലവിലുള്ള വ്യവസ്ഥ സ്വവർഗ ദമ്പതികൾക്ക് തുല്യമല്ലാത്ത സാമ്പത്തിക പരിഗണനയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ സ്വവർഗ വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാരിനും ആദായനികുതി വകുപ്പിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയെ അറിയിച്ചു. ഭാര്യ- ഭർത്താവ് എന്നിവയുടെ അർത്ഥത്തെ വെല്ലുവിളിക്കാൻ ആദായനികുതി നിയമം ദുരുപയോഗിക്കാൻ ഹർജിക്കാർ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഏതെങ്കിലും വിവാഹ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, ആദായനികുതി നിയമപ്രകാരം ഒരു ബന്ധത്തെയും 'വിവാഹം' അല്ലെങ്കിൽ 'ഇണ' ആയി അംഗീകരിക്കാൻ കഴിയില്ലെന്നും അനിൽ സിംഗ് പറഞ്ഞു.
അതേസമയം സ്വവർഗ ബന്ധത്തിലുള്ള നോമിനികളെ ഭിന്നലിംഗ വിവാഹത്തിലുള്ളവരേക്കാൾ വ്യത്യസ്തമായി പരിഗണിക്കുകയാണ്. ഇടക്കാല സംരക്ഷണം നിരസിക്കുന്നത് പരോക്ഷമായി വിവേചനത്തെ അംഗീകരിക്കുന്നതിന് തുല്യമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. കേസ് കേൾക്കുന്നതിന് മുമ്പ് വിവേചനം സംബന്ധിച്ച് ഒരു ചോദ്യവും ഉയർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് വാദം അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ധനകാര്യ മന്ത്രാലയത്തോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് ഡിസംബർ 10ലേക്ക് മാറ്റിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |