
ശ്രീനഗർ: ഡൽഹിയിൽ കാർ ബോംബ് സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ വീട് സുരക്ഷാസേന തകർത്തു. കാശ്മീരിലെ പുൽവാമയിലെ ഇയാളുടെ വീട് ഇന്ന് പുലർച്ചെയോടെയാണ് തകർത്തത്.
ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്കുള്ള സന്ദേശം അല്ലെങ്കിൽ താക്കീത് എന്ന നിലയിലാണ് ഉമറിന്റെ വീട് തകർത്തതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സ്‌ഫോടനം നടന്നത്. ചെങ്കോട്ടയ്ക്കടുത്തുവച്ച് ഐ 20 ഹ്യൂണ്ടായ് കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമർ ആണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. സ്ഫോടനത്തിന്റെ ആസൂത്രണം തുർക്കിയിലായിരുന്നെന്ന നിഗമനത്തിലാണ് എൻ ഐ എ.
ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ സയീദ് എന്നിവരിൽ നിന്ന് 2,900 കിലോയിൽപ്പരം സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് ഡോക്ടർമാരും ഇപ്പോൾ കസ്റ്റഡിയിലാണ്. രാജ്യത്ത് വലിയരീതിയിലുള്ള ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം.
ഡോ. ഉമർ നബിയും ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയും 2021 മുതൽ പലതവണ തുർക്കി സന്ദർശിച്ചിരുന്നു. അവിടെ വച്ച് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാക്കളെ കണ്ടെന്നാണ് വിവരം. എന്നാൽ തുർക്കി എംബസി ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |