SignIn
Kerala Kaumudi Online
Saturday, 15 November 2025 10.16 AM IST

കളമൊരുങ്ങി, ഇനി അങ്കത്തട്ടിൽ

Increase Font Size Decrease Font Size Print Page
elelction

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമി ഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ പൊതുവെ വിലയിരുത്താറ്. പരസ്പരം പോരടിച്ചും ശക്തി തെളിയിച്ചും മുന്നണികൾ ആവേശപ്പോരിന് ഇറങ്ങിയതോടെ കോഴിക്കോടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തി. കോൺഗ്രസ് ആദ്യവും പിന്നാലെ ബി.ജെ.പിയും കോർപ്പറേഷനിലെ ആദ്യഘട്ട പത്രിക പുറത്തുവിട്ടപ്പോൾ ഇന്നലെ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽ.ഡി.എഫും പ്രഖ്യാപിച്ചു. നാല് മുനിസിപ്പാലിറ്റി ഭരണമൊഴിച്ചാൽ കോഴിക്കോട്ട് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭരണം എൽ.ഡി.എഫിന്റെ കൈകളിലാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ സെമിഫൈനൽ പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെങ്കിൽ പഞ്ചായത്തുകളും നഗരസഭകളും ജില്ലാപഞ്ചായത്തും കോർപറേഷനുമെല്ലാം കൈപ്പിടിയിലൊതുങ്ങണം. യു.ഡി.എഫിനെപ്പോലെ പ്രധാനമാണ് എൽ.ഡി.എഫിനും കോഴിക്കോട്. ഈ പോരാട്ടത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഫൈനലിൽ ആവേശ പൂർവം ഇറങ്ങാനാവൂ.

ബി.ജെ.പിക്കാണെങ്കിൽ കോഴിക്കോട് കോർപ്പറേഷനിലാണ് കൂടുതൽ പ്രതീക്ഷ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലും ഭരണത്തിലെത്താനാകുമെന്ന പ്രതീക്ഷയും വച്ചു പുലർത്തുന്നു. ശക്തമായ അടിത്തറയുള്ള വടകര, കൊയിലാണ്ടി നഗരസഭകളിൽ എട്ട് സീറ്റുകൾ വീതം നേടി രണ്ട് മുന്നണികളെയും ഞെട്ടിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനും വടകര, കൊയിലാണ്ടി, മുക്കം നഗരസഭകളും ജില്ലാ പഞ്ചായത്തും 10 ബ്ലോക്ക് പഞ്ചായത്തുകളും 42 ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫാണ് പിടിച്ചത്. ഇതിന്റെ തനിയാവർത്തനമായിരുന്നു 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിച്ചത്. 13 നിയമസഭ മണ്ഡലങ്ങളിൽ കൊടുവള്ളിയും വടകരയും മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്.

നേട്ടം നിലനിർത്താൻ

ഇടതുനീക്കം

മൂന്നുപതിറ്റാണ്ടായി തുടരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും കോർപ്പറേഷനിലെ അജയ്യ മേധാവിത്വവും തുടരേണ്ടത് എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതുകൊണ്ട് സീറ്റ് വിഭജനത്തിൽ പരമാവധി സഖ്യകക്ഷികളെ ചേർത്തുപിടിച്ച് കരുതലോടെയാണ് സി.പി.എം മുന്നോട്ട് പോകുന്നത്. പിണറായി വിജയൻ സർക്കാരിന്റെ 10 വർഷത്തെ ഭരണ നേട്ടങ്ങളും വികസനങ്ങളും ഉയർത്തിപിടിച്ചാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണവും ക്ഷേമപെൻഷനുമെല്ലാം തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാകുന്നുണ്ട്.

കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഭൂരിപക്ഷത്തോടെ നിലനിറുത്തുമെന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ ഭരണം തുടരുമെന്നും മൂന്ന് നഗരസഭകൾക്കൊപ്പം കൊടുവള്ളി, ഫറോക്ക് നഗരസഭകളുടെ ഭരണവും കൈപ്പിടിയിലൊതുക്കുമെന്നും എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു.

പിടിച്ചെടുക്കാൻ

യു.ഡി.എഫ്

നിയമസഭയിൽ അധികാരത്തിൽ വരണമെങ്കിൽ കോഴിക്കോട് ജില്ലയിൽ മോശമല്ലാത്ത നമ്പർ സീറ്റുകളിൽ വിജയിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് കോർപ്പറേഷന്റെ ചുമതല നൽകിയിരിക്കുന്നത്. വി.എം വിനുവിനെ മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എൽ.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. തദ്ദേശ സ്ഥാപനങ്ങളുടെ പരാജയവും ചർച്ചയാക്കാൻ യു.ഡി.എഫ് ശ്രമിക്കും. ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തിരികെ പിടിച്ച് 60 ശതമാനം പഞ്ചായത്തുകളിലും അധികാരം നേടുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

മാറാത്തത് മാറ്റാൻ

എൻ.ഡി.എ

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം പൂർണമായും ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൻ.ഡി.എയുടെ ഭരണം വരണമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാന സർക്കാരിന്റെ പരാജയവും പ്രതിപക്ഷമായ യു.ഡി.എഫിന്റെ വീഴ്ചയും എൻ.ഡി.എ പ്രചാരണ വിഷയമാക്കുന്നുണ്ട്. ജില്ലയിൽ നിലവിലുള്ളതിനേക്കാളും നാലിരട്ടി സീറ്റുകൾ എൻ.ഡി.എ നേടി കോർപ്പറേഷനിൽ നിർണായക ശക്തിയാകുമെന്നും നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി.ആർ പ്രഫുൽ കൃഷ്ണ പറയുന്നു.

ആവർത്തിക്കുമോ 2010?

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയത് 2010-ലാണ്. അന്ന് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം അവർക്ക് അനുകൂലമായി. ജില്ലാ പഞ്ചായത്തിലെ 27 സീറ്റുകളിൽ 13 എണ്ണം പിടിച്ച് കപ്പിനും ചുണ്ടിനും ഇടയിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. എന്നാൽ അന്നും കോർപ്പറേഷനും കൊയിലാണ്ടി, വടകര നഗരസഭകളും ഇടതുപക്ഷം വൻഭൂരിപക്ഷത്തോടെ നിലനിറുത്തിയിരുന്നു. ഇത്തവണയും ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ഏകീകരിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാൽ അത്തരമൊരു സാഹചര്യം ഇനിയുണ്ടാവില്ലെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്തായാലും എല്ലാക്കാലത്തും ഇടതോരം ചേർന്ന് പോകുന്ന കോഴിക്കോട് വലിയ അടിയൊഴുക്കുകളും അട്ടിമറികളുമുണ്ടായില്ലെങ്കിൽ ഇടതുപക്ഷത്തിന് കാര്യമായ നഷ്ടമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.