
വോട്ടുകൊള്ള ആരോപണം, 'വോട്ടർ അധികാർ യാത്ര' ഏശിയില്ല
ന്യൂഡൽഹി: ബീഹാറിൽ അടപടലം തകർന്നടിഞ്ഞ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് നടത്തിയ വോട്ടുക്കൊള്ള ആരോപണം തെല്ലും ഏശിയില്ല. രാഹുൽ ഗാന്ധി നേതൃത്വം നൽകിയ 'വോട്ടർ അധികാർ യാത്ര' കടന്നുപോയ 23 ജില്ലകളിൽ ദയനീയ പ്രകടനമായിരുന്നു. മത്സരിച്ച 61 സീറ്റിൽ 6 ഇടത്തു മാത്രമാണ് വിജയിക്കാനായത്.
2020ലെ 19 സീറ്റിൽ നിന്നാണ് കൂപ്പുകുത്തൽ. സീമാഞ്ചൽ, മിഥില, മഗധ് എന്നിവിടങ്ങളിലെ ഉപരിവർഗത്തിന്റെയും ദളിതുകളുടെയും മുസ്ലീങ്ങളുടെയും പരമ്പരാഗത വോട്ടുകൾ പോലും പാർട്ടിക്ക് ലഭിച്ചില്ല. അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾക്കു മുൻപ് ഹരിയാനയിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ഹൈഡ്രജൻ ബോംബെന്ന് പറഞ്ഞെങ്കിലും ബീഹാറിൽ ചീറ്റി. കോൺഗ്രസുമായുള്ള സഖ്യം ആർ.ജെ.ഡിയുടെ വോട്ടിലും വിള്ളലുണ്ടാക്കി.
സംഘടനാ ദൗർബല്യം
തുറന്നുകാട്ടുന്ന ഫലം
പ്രചാരണം മുന്നിൽനിന്ന് നയിക്കാനും, ഏകോപിപ്പിക്കാനും മുൻനിര നേതാക്കൾ വിമുഖത കാണിച്ചത് തിരിച്ചടിയായെന്ന് പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പുണ്ട്. 16 ദിവസത്തെ വോട്ടർ അധികാർ യാത്രയിൽ വൻ ജനപങ്കാളിത്തമായിരുന്നു. എന്നാൽ അതൊന്നും വോട്ടായി മാറിയില്ല. യാത്ര സെപ്‌തംബർ ഒന്നിന് പാട്നയിൽ സമാപിച്ചശേഷം രാഹുൽ വിദേശയാത്രപോയി. പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് സജീവമായത്. യാത്രയുണ്ടാക്കിയ അലയൊലികൾ ഇതിനിടെ കെട്ടടങ്ങിയിരുന്നു.
നിർണായക തിരഞ്ഞെടുപ്പായിട്ടും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. വേണുഗോപാലിനെതിരെ പാർട്ടിയിൽ നിന്ന് പരസ്യപ്രതികരണം ഉണ്ടായില്ലെങ്കിലും വരുംദിവസങ്ങളിൽ അത് ചർച്ചയാകുമെന്നതിൽ സംശയമില്ല. ബീഹാറിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നേതാക്കൾ പരാജയപ്പെട്ടു. ആശയത്തിലെ വ്യക്തതയും, പ്രസരിപ്പുള്ള നേതൃത്വവും, ബഹുജന അടിത്തറയും, ചലിക്കുന്ന സംഘടനാ ചട്ടക്കൂടുമുണ്ടെങ്കിലേ കോൺഗ്രസിന് ഇനി രക്ഷയുള്ളൂവെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ പക്ഷം.
കുളത്തിലേക്ക്
വോട്ടർമാർ ചാടിയില്ല
ബെഗുസാരായിൽ ചെളി നിറഞ്ഞ കുളത്തിൽ രാഹുൽ ഗാന്ധി ചാടിയതിന്റെയും മീൻപിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. തിരഞ്ഞെടുപ്പിൽ എങ്ങനെ മുങ്ങിത്താഴുമെന്ന് പരിശീലിക്കുകയാണ് രാഹുലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിക്കുകയും ചെയ്തു. ഫലം വന്നപ്പോൾ കോൺഗ്രസ് പൊട്ടി. ബി.ജെ.പി സ്ഥാനാർത്ഥി കുന്ദൻ കുമാർ 30632 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ അമിതാ ഭൂഷണെ പരാജയപ്പെടുത്തിയത്. വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും രാഹുലിനൊപ്പം മീൻ പിടിക്കാൻ കൂടിയെങ്കിലും ബീഹാറിൽ മത്സരിച്ച 12 സീറ്റിൽ ഒരിടത്തു പോലും ജയിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |