
പുതിയ എം.വൈ
(മഹിളാ-യുവ-എം.വൈ)
1990കളിൽ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയെ ബീഹാറിൽ ഭരണത്തിലെത്തിച്ച 'എം-വൈ" സമവാക്യം 2025ൽ പുതിയ രൂപത്തിൽ. ആർ.ജെ.ഡിയെ പിന്തുണച്ചത് മുസ്ലിം-യാദവ് സമവാക്യമെങ്കിൽ എൻ.ഡി.എയ്ക്ക് വിജയം സമ്മാനിച്ചത് ധനസഹായവും തൊഴിൽ വാഗ്ദാനവും വഴി സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ.
ജാതി സമവാക്യം
ബി.ജെ.പി സവർണ ജാതികളുടെയും ജെ.ഡി.യു വഴി അതി പിന്നാക്ക വിഭാഗങ്ങളുടെയും ചിരാഗ് പാസ്വാന്റെ എൽ.ജെ.പി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.പി) എന്നിവരിലൂടെ ദളിത് വിഭാഗത്തിന്റെയും(ഇ.ബി.സി) പിന്തുണ ഉറപ്പാക്കി.
സ്ത്രീ വോട്ടർമാരുടെ ശക്തി
ആകെ പോളിംഗ് ശതമാനവും അതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവും എൻ.ഡി.എയ്ക്ക് അനുകൂലമായി. നിതീഷ് കുമാറിന് സ്ത്രീ വോട്ടർമാർക്കിടയിലെ സ്വാധീനം ഉപയോഗപ്പെടുത്തി. വനിതാ സംരംഭകർക്ക് 10,000 രൂപ നൽകിയ മഹിള റോജ്ഗർ യോജന സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചു.
125 യൂണിറ്റ് വരെയുള്ള എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും സൗജന്യ വൈദ്യുതി, മുതിർന്ന പൗരന്മാർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400ൽ നിന്ന് 1,100 രൂപയായി ഉയർത്തിയതും നിർണായകമായി.
നിതീഷ് ഘടകം
എൻ.ഡി.എയുടെ കുതിപ്പിന് ഇന്ധനമായി നിതീഷ് കുമാറിന്റെ അഴിമതിരഹിത പ്രതിച്ഛായ. റാലികളിലടക്കം അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി.
മങ്ങിയ വാഗ്ദാനങ്ങൾ
സംസ്ഥാനത്തെ 2.5 കോടി കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി, 200 മെഗാവാട്ട് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ തുടങ്ങിയ മഹാസഖ്യ വാഗ്ദാനങ്ങൾ നിതീഷ് സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് മുന്നിൽ നിറംമങ്ങി.
എസ്.ഐ.ആറിനെ
പഴിചാരി മഹാസഖ്യം
ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികൾ തിരിച്ചടിയായെന്ന പ്രതികരണമാണ് മഹാസഖ്യത്തിലെ പാർട്ടികളിൽ നിന്നുണ്ടായത്. എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയിൽ വരെ പ്രതിപക്ഷ പാർട്ടികൾ പോരാടുന്നതിനിടെയാണ് ബീഹാറിലെ കനത്ത പരാജയം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ 'വോട്ടുക്കൊള്ള' ഇതാണെന്ന് കോൺഗ്രസിന്റെ ബീഹാറിലെ നിരീക്ഷകനും,രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷനും,ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയെന്നും ആരോപിച്ചു. എസ്.ഐ.ആർ 'തിരഞ്ഞെടുപ്പ് ഗൂഢാലോചന'യാണെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ശേഷം 7.42 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നതെന്ന് സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. എന്നാൽ,തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 3 ലക്ഷത്തിൽപ്പരം വോട്ടുകൾ അധികമായി ചേർത്തിരിക്കുന്നു. ഇക്കാര്യത്തിൽ കമ്മിഷൻ വിശദീകരണം നൽകണമെന്ന് ദീപാങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
കൊലപാതക കേസ് പ്രതിയും ജയിച്ചു
ന്യൂഡൽഹി: ജൻ സ്വരാജ് പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയും ജയിച്ചു. മൊകാമ മണ്ഡലത്തിൽ മത്സരിച്ച ജെ.ഡി.യുവിലെ അനന്ത് കുമാർ സിംഗ് 28206 വോട്ടുകൾക്കാണ് ആർ.ജെ.ഡിയിലെ വീണ ദേവിയെ തോൽപ്പിച്ചത്. ജൻ സുരാജ് പാർട്ടി പ്രവർത്തകൻ ദുലാർ ചന്ദ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ആഘോഷമാക്കി ബി.ജെ.പി-
ജെ.ഡി.യു പ്രവർത്തകർ
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ മുന്നണിയുടെ ചരിത്രവിജയം ആഘോഷമാക്കി പ്രവർത്തകർ. പാട്ടും നൃത്തവുമായി ബി.ജെ.പി,ജെ.ഡി.യു ഓഫീസുകൾക്ക് മുന്നിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. ഇന്നലെ രാവിലെ വോട്ടെണ്ണൽ തുടങ്ങി ലീഡ് നില പുറത്തുവന്നതോടെ പലയിടത്തും ആഘോഷം തുടങ്ങി. ഡൽഹിയിൽ ഡി.ഡി.യു മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് രാവിലെ മധുരം വിതരണം ചെയ്തു.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കണമെന്ന് ബി.ജെ.പി നേതൃത്വം നിഷ്കർഷിച്ചെങ്കിലും ആവേശത്തിൽ പ്രവർത്തകർ അതു മറന്നു. ജെ.ഡി.യുവിന് ലഭിച്ച വൻ മുന്നേറ്റം പ്രവർത്തകർ പാട്ന ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷിച്ചു. പാട്നയിൽ വൈകിട്ട് ബി.ജെ.പി വിജയ് ഉത്സവം സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |