
ക്ഷമയുണ്ടെങ്കിൽ ഗുണമുള്ള ഫണ്ടുകൾ കണ്ടെത്താം
കൊച്ചി: രാജ്യത്തെ ആയിരക്കണക്കിന് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് അനുയോജ്യമായ ഫണ്ട് തെരഞ്ഞെടുക്കുകയാണ് നിക്ഷേപകരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പരിചയക്കാരോടും അറിവുള്ളവരോടും ചോദിച്ചാണ് തുടക്കക്കാർ പലപ്പോഴും നിക്ഷേപ തീരുമാനമെടുക്കുന്നത്. സോഷ്യൽ മീഡിയയിലും ആപ്പുകളിലും വിശ്വസിച്ച് നിക്ഷേപിക്കുന്നവരുമുണ്ട്. വലിയ റിസ്കാണിത്, എന്നാൽ ഉപഭോക്താക്കൾ മനസുവെച്ചാൽ അനുയോജ്യമായ മ്യൂച്വൽ ഫണ്ട് കണ്ടെത്താം.
യാത്രകളിൽ യോജിച്ച സുഹ്യത്തുക്കളെ കിട്ടുന്നതും ശരിയായ വാഹനം കണ്ടെത്തുന്നതും പോലെ ഭാഗ്യമാണ് ശരിയായ മ്യൂച്വൽ ഫണ്ട് കണ്ടെത്തുന്നത്.
എന്താണ് സ്‌ട്രാറ്റജി?
അടുത്ത് പോകാൻ സ്കൂട്ടർ, ദൂരയാത്രയ്ക്ക് കാർ, വിദൂരത്തേക്ക് ട്രെയിൻ അല്ലെങ്കിൽ വിമാനം ആശ്രയിക്കുന്നവരാണ് ഏറെപ്പേരും. അങ്ങനെയാണ് സാമ്പത്തിക ലഷ്യങ്ങളും, വരുമാനം പ്രതീക്ഷിക്കുന്ന കാലയളവ്, നഷ്ടം നേരിടാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് മ്യൂച്വൽ ഫണ്ട് കണ്ടെത്തേണ്ടത്.
പിന്തുടരാവുന്ന തന്ത്രം
1. അദ്യം സാമ്പത്തിക ലക്ഷ്യം നിശ്ചയിച്ച് കാലവധി ഉറപ്പാക്കി യോജിക്കുന്ന ഫണ്ട് കണ്ടെത്തണം
2. മൂന്നുവർഷത്തേക്കാണ് നിക്ഷേപമെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ ഉപഭോക്താവിന് ആശ്രയിക്കാം.
3. അഞ്ച് വർഷത്തിലധികമാണ് കാലാവധിയെങ്കിൽ ലാർജ് കാപ് ഓഹരി ഫണ്ടുകളാണ് നല്ലത്
4. നഷ്‌ടം താങ്ങാൻ ശേഷി കൂടുതലുണ്ടെങ്കിൽ വിവിധ ഓഹരി അധിഷ്ഠിത ഫണ്ടുകൾ അനുകൂലമാണ്
ഫണ്ടുകളുടെ മുൻകാല പ്രകടനം വിലയിരുത്തണം
മൂന്നു മുതൽ അഞ്ച് വർഷത്തെ പ്രകടനം സമാന സ്വഭാവമുള്ള ഫണ്ടുകളുമായി താരതമ്യം ചെയ്ക്ക് അനുയോജ്യമായ ഉത്പന്നം കണ്ടെത്താനാകും. അഞ്ച് വർഷമായി തുടർച്ചയായി മികച്ച വരുമാനം നൽകുന്ന ഫണ്ടുകളെ പരിഗണിക്കാം. പക്ഷേ കഴിഞ്ഞ കാലത്തെ മികച്ച പ്രകടനം തുടരുമെന്നതിന് ഒരു ഉറപ്പുമില്ല.
ഫണ്ടുകളുടെ റേറ്റിംഗ് പരിശോധിക്കണം
വാല്യുസേർച്ച്, മോണിംഗ്സ്റ്റാർ തുടങ്ങിയ ഏജൻസികളുടെ സൈറ്റുകളും ഗ്രോ, സീറോദ തുടങ്ങിയ ആപുകളും പരിശോധിച്ച് ഫണ്ടുകളുടെ റേറ്റിംഗ് മനസിലാക്കാം. റേറ്റിംഗ് തൃപ്തികരമെങ്കിൽ പണം മാനേജ് ചെയ്യുന്നതിന്റെ ചാർജായ എക്‌സ്‌പെൻസ് റേഷ്യോ പരിശോധിക്കണം. കുറഞ്ഞ എക്‌സ്‌പെൻസ് റേഷ്യോയാണ് അഭികാമ്യം.
പദ്ധതിയുടെ സ്വഭാവം തീരുമാനിക്കണം
ഡയറക്‌ട്, റെഗുലർ പ്ളാനുകളിൽ ഏതാണ് വേണ്ടതെന്ന് നിക്ഷേപകൻ തീരുമാനമെടുക്കാം. ഏജന്റുമാർ മുഖേന നടത്തുന്ന നിക്ഷേപമാണ് റെഗുലർ പ്ലാൻ എന്നറിയപ്പെടുന്നത്. ഇതിനായി ഏജന്റ് കമ്മീഷൻ നൽകണം. ഏജന്റുമാരെ ഒഴിവാക്കി മ്യൂച്വൽ ഫണ്ട് കമ്പനിയുമായി നേരിട്ട് നടത്തുന്നതാണ് ഡയറക്ട് പ്ലാനുകൾ. കമ്മീഷൻ നൽകേണ്ടതില്ല. ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വിറ്റഴിക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ ചെയ്യാനും ശേഷിയുമുണ്ടെങ്കിൽ ഡയറക്ട് പ്ലാൻ സ്വീകരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |