
കൊച്ചി: വ്യാവസായിക, ഡെക്കറേറ്റീവ് മേഖലയിലെ മികച്ച വിൽപ്പനയുടെ കരുത്തിൽ രാജ്യത്തെ പെയിന്റ് വിപണി കുതിക്കുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്‌സിന്റെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ 43 ശതമാനം ഉയർന്ന് 993.59 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം മുൻവർഷത്തേക്കാൾ 6.4 ശതമാനം വർദ്ധനയോടെ 8,513.70 കോടി രൂപയായി. അതേസമയം കാലം തെറ്റി പെയ്ത മഴ മൂലം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനേക്കാൾ വിറ്റുവരവിൽ അഞ്ച് ശതമാനവും ലാഭത്തിൽ പത്ത് ശതമാനവും കുറവുണ്ട്. വിപുലമായ പരസ്യ പ്രചാരണങ്ങളും ബ്രാൻഡ് ബിൽഡിംഗ് നടപടികളുമാണ് മികച്ച പ്രകടനം കാഴ്ചവക്കാൻ ഏഷ്യൻ പെയിന്റ്സിനെ സഹായിച്ചത്. ആഭ്യന്തര അലങ്കാര മേഖലയിൽ രണ്ടക്ക വളർച്ച നേടാനും കമ്പനിക്ക് കഴിഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ ബെർജർ പെയിന്റ്‌സിന്റെ വരുമാനം 1.9 ശതമാനം ഉയർന്ന് 2,827 കോടി രൂപയായെങ്കിലും അറ്റാദായത്തിൽ 23.6 ശതമാനം കുറവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അർദ്ധ വർഷത്തിൽ പ്രവർത്തന വരുമാനം 2.1 ശതമാനം വർദ്ധിച്ച് 6,028.3 കോടി രൂപയിലെത്തി.
മത്സരം മുറുകുന്നു
കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള ബിർള ഓപ്പസ് വമ്പൻ നിക്ഷേപവുമായി പെയിന്റ് വ്യവസായത്തിൽ പ്രവേശിച്ചതോടെ മത്സരം ശക്തമാകുകയാണ്. പതിനായിരം കോടി രൂപ നിക്ഷേപത്തിൽ പെയിന്റ് വിപണിയിൽ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാനാണ് ആദിത്യ ബിർളയുടെ നീക്കം. സിമന്റ് രംഗത്ത് അൾട്രാടെക്ക് നേടിയ വിജയം പെയിന്റ് വിപണിയിൽ ആവർത്തിക്കാൻ ബിർള ഓപ്പസ് ഒരുങ്ങുകയാണ്.
വിപണിയിലെ കരുത്തൻമാർ
കമ്പനി: വിഹിതം
ഏഷ്യൻ പെയിന്റ്സ്: 59 ശതമാനം
ബെർജർ പെയിന്റ്‌സ്: 18 ശതമാനം
കാൻസായി നെരോലാക്: 15 ശതമാനം
ബിർള ഓപ്പസ്: 6 ശതമാനം
പെയിന്റ് വിപണിയിലെ മൊത്തം വിറ്റുവരവ്
75,000 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |