
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരെയും രണ്ട് വളം വിൽപനക്കാരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സ്റ്റിയുമായി ബന്ധമുള്ളവരാണ് നാല് ഡോക്ടർമാരും.
ഇവിടെ നിന്ന് 2024ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. ജഹ്നിസാർ ആലത്തിനെ പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിലിഗുരിയിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും.
മുൻപ് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹ്‌മദ് ബട്ടിനെ പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് പിടികൂടിയത്. ഡൽഹി സ്‌ഫോടനത്തിലെ ചാവേർ ഡോ. ഉമർ നബിയുമായി സമ്പർക്കമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. 2020-2021 കാലത്താണ് ഡോ. റയീസ് അഹ്‌മദ് ബട്ട് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ വൈറ്റ് കോളർ ഭീകര സംഘത്തിന്റെ ഭാഗമാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് ചോദ്യം ചെയ്യുന്നത്.
അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. മുസ്ത്കിം, ഡോ. റെഹാൻ എന്നിവരെ ഹരിയാനയിലെ നൂഹിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നവംബർ രണ്ടിനാണ് ഡോ. മുസ്ത്കിം അൽ ഫലായിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയത്. 9ന് ഡൽഹിയിലേക്ക് യാത്ര ചെയ്തതായാണ് സംശയിക്കുന്നത്. റെഹാൻ നൂഹിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
ഹരിയാനയിലെ സോഹ്നയിൽ നിന്നാണ് വളം വിൽപനക്കാരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഭീകര സംഘത്തിന് രാസവസ്തുക്കൾ വിൽപന നടത്തിയെന്നാണ് സംശയിക്കുന്നത്.
അൽ ഫലാ യൂണിവേഴ്‌സിറ്റിയിലെ കൂടുതൽ ഡോക്ടർമാരെചോദ്യം ചെയ്യാനാണ് നീക്കം. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് എൻ.ഐ.എ പറയുന്നു.
ചെങ്കോട്ട ഇന്ന്
തുറക്കും
ന്യൂഡൽഹി: സ്ഫോടനത്തെ തുടർന്ന് അടച്ച ഡൽഹിയിലെ ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറക്കും. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന് ശേഷം ഏർപ്പെടുത്തിയ കർശന സുരക്ഷയിൽ ഇളവ് വരുത്തിയതിനെ തുടർന്നാണ് ചെങ്കോട്ട തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചത്.
സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഇന്നലെ യാത്രക്കാർക്കായി തുറന്നിരുന്നു. 2, 3 ഗേറ്റുകളാണ് ഇന്നലെ തുറന്നത്. 1, 4 ഗേറ്റുകൾ അടച്ചിടുന്നത് തുടരുമെന്ന് പൊലീസ് അറിയിച്ചു.
സ്ഫോടനമുണ്ടായ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തെ നേതാജി സുഭാഷ് റോഡും ഇന്നലെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. സ്ഫോടനമുണ്ടായതിന് ശേഷം ഈ റോഡും സമീപപ്രദേശവും പൂർണ്ണമായും അടച്ചിരിക്കുകയായിരുന്നു.
അറസ്റ്റിലായ ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ റദ്ദാക്കി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ , നാഷണൽ മെഡിക്കൽ രജിസ്റ്റർ എന്നിവയാണ് റദ്ദാക്കിയത്. ഇവർക്ക് ഇനി ഇന്ത്യയിൽ എവിടെയും ചികിത്സ നടത്താനോ മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |