
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിലെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ഡോളി സംവിധാനം ഇല്ലാത്തതിനാൽ ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർ പമ്പയിൽ കാത്തുകിടക്കുകയാണ്. മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാക്കാത്തതാണ് സർവീസ് അലങ്കോലപ്പെടാനുള്ള കാരണം. എന്നാൽ സ്വാധീനമുള്ളവർക്ക് ഡോളി സംവിധാനം ലഭ്യമാകുന്നുണ്ടെന്നാണ് ഭക്തർ ആരോപിക്കുന്നത്.
അതേസമയം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ ഡി പ്രസാദിനെയും മാളികപ്പുറം മേൽശാന്തി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം ജി മനു നമ്പൂതിരിയെയും മേൽശാന്തി കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
ഭഗവത് ദർശനത്തിനുശേഷം പ്രസാദിനെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോയി. അയ്യപ്പവിഗ്രഹത്തിനു സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കുകയും എം ജി മനു നമ്പൂതിരിയെയും ഇതേരീതിയിൽ മാളികപ്പുറം മേൽശാന്തിയായി അവരോധിക്കുകയും ചെയ്തു .കഴിഞ്ഞ ഒരുവർഷത്തെ ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരിയും രാത്രി 10ന് നട അടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |