തൃശൂർ: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച കഞ്ചാവ് കേസിലെ പ്രതി മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പേരിൽ നിരവധി കേസുകളുള്ളതായി റിപ്പോർട്ട്. സ്വന്തം രക്തബന്ധത്തിൽപ്പെട്ട കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ അടക്കമുള്ള കേസുകളാണ് രഞ്ജിത്തിന്റെ പേരിലുള്ളത്. സ്വന്തം മകളെ പീഡിപ്പിച്ചതിന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസും മലപ്പുറം,തൃശൂർ ജില്ലകളിലെ നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ് രഞ്ജിത്ത്. മൂന്ന് സ്ത്രീകളെ വിവാഹം ചെയ്തെങ്കിലും ആരും ഇപ്പോൾ കൂടെയില്ല.
അതേസമയം, രഞ്ജിത്തിന് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റത് തൃശൂർ ചാവക്കാട് പൂവത്തൂരിലെ കള്ള് ഷാപ്പ് കോൺട്രാക്ടറുടെ ഗോഡൗണിൽ വച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.പത്ത് കിലോ കഞ്ചാവ് രഞ്ജിത്തിന്റെ കൈവശമുണ്ടെന്ന വിവരത്തിൽ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസാണ് മൂന്ന് പ്രിവന്റീവ് ഓഫീസർമാരും നാല് സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും അടങ്ങുന്ന എട്ടംഗ സംഘത്തെ അയച്ചത്. ഔദ്യോഗിക വാഹനത്തിലും വാടകയ്ക്കെടുത്ത മറ്റൊരു വാഹനത്തിലുമായി മലപ്പുറത്തേക്ക് തിരിച്ച സംഘം തിരൂരിൽ നിന്ന് ഒക്ടോബർ ഒന്നിന് രാവിലെ 11ന് രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്.
ചോദ്യം ചെയ്തപ്പോൾ ഗുരുവായൂരിലെ ലോഡ്ജിൽ കൂടുതൽ കഞ്ചാവുണ്ടെന്നായിരുന്നു മൊഴി. ലോഡ്ജുകളിൽ രഞ്ജിത്തുമായി കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. രഞ്ജിത്ത് പറ്റിക്കുകയാണെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് കൂടുതൽ ചോദ്യം ചെയ്യാൻ പൂവത്തൂരിലെ കോൺട്രാക്ടറുടെ ഗോഡൗൺ തിരഞ്ഞെടുത്തത്. മൂന്ന് മണിക്കൂറോളം ഇവിടെ ചോദ്യം ചെയ്‌തെങ്കിലും രഞ്ജിത്ത് ഒന്നും വിട്ടു പറഞ്ഞില്ല. മർദ്ദനമേറ്റ് അവശനായ രഞ്ജിത്ത് ബോധരഹിതനായതോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് രഞ്ജിത്തിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.
വാഹനത്തിൽ വച്ച് അക്രമാസക്തനായ രഞ്ജിത്തിനെ പിടിച്ചുനിറുത്തുന്നതിനിടയിൽ അപസ്മാരം ഉണ്ടായെന്നും പിന്നീട് ബോധം കെട്ടുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. ഒരു കൈയബദ്ധമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഉദ്യോഗസ്ഥരുടെ ക്ഷമാപണം. പ്രിവന്റീവ് ഓഫീസർമാരായ അനൂപ്, ജബ്ബാർ, ഉമ്മർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ നിതിൻ മാധവൻ, മഹേഷ്, സ്മിബിൻ, എം.ഒ. ബെന്നി, ഡ്രൈവർ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |