
ചേർത്തല:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു.ചാരമംഗലം കുമാരപുരം എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ടീയ ആയുധം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു.സ്വർണം കട്ടവർ ഒരോരുത്തരായി ജയിലിലേക്ക് പോവുകയാണ്.മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നൽകുന്നുണ്ട്.
തുറവൂർ–അരൂർ ഉയരപാത കരാർ കമ്പനിക്ക് ധാർഷ്ട്യം: വെളളാപ്പളളി
ചേർത്തല:തുറവൂർ-അരൂർ ഉയരപാത നിർമ്മിക്കുന്ന കരാർ കമ്പനിക്ക് ധാർഷ്ട്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ.ഗർഡർ തകർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായപ്പോഴാണ് കമ്പനി നഷ്ടപരിഹാരം നൽകാൻ തയാറായത്.കേരളമായത് കൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.തിരഞ്ഞെടുപ്പിൽ സമുദായത്തെ സ്‌നേഹിക്കുന്നവരെയാണ് സഹായിക്കേണ്ടത്.സേവന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ വിവിധ ശാഖായോഗങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്.വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും വെളളാപ്പളളി പറഞ്ഞു.
ശാഖായോഗം പ്രസിഡന്റ് പി.ടി.വേണു അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു,യൂണിയൻ കൗൺസിലർ സിബി നടേശ്,അനിലാൽ കൊച്ചുകുട്ടൻ,ആര്യൻ ചളളിയിൽ,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ്‌കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ,പഞ്ചായത്ത് അംഗം രജനി രവി പാലൻ,കെ.എൻ.കാർത്തികേയൻ,കെ.എസ്.സുരേഷ്,എം.ഡി.സുധാകരൻ,ബൈജു വിശ്വനാഥൻ,സാബു ശാന്തി,ശാഖായോഗം സെക്രട്ടറി സി.ആർ.പൊന്നപ്പൻ, വൈസ് പ്രസിഡന്റ് കെ.എസ്.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |