
ആഡിസ് അബബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാർബർഗ് രോഗ വ്യാപനം സ്ഥിരീകരിച്ചു. തെക്കൻ എത്യോപ്യയിലെ ഓമോ മേഖലയിൽ 9 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ ആരംഭിച്ചതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിൽ ടാൻസാനിയയിൽ 10 പേർ മാർബർഗ് മൂലം മരിച്ചിരുന്നു. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു.
1967ലാണ് മാർബർഗ് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. അന്ന് ജർമ്മനിയിലെ മാർബർഗ് നഗരത്തിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടരുകയായിരുന്നു. പിന്നീട് അംഗോള, ഡി.ആർ കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മാർബർഗ് വൈറസിനെ കണ്ടെത്തി. 2004 - 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു. എത്യോപ്യയിൽ ആദ്യമായാണ് വൈറസ് വ്യാപനം സ്ഥിരീകരിക്കുന്നത്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. യു.എസ് ആസ്ഥാനമായുള്ള സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മാർബർഗ് വാക്സിന്റെ പരീക്ഷണം കഴിഞ്ഞ വർഷം റുവാണ്ടയിൽ നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |