
അബുദാബി: സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഫോം വിതരണം ഇന്ത്യയിൽ തകൃതിയായി നടക്കുന്നതിന്റെ സ്വാധീനം യുഎഇയിലും പ്രകടമാകുന്നതായി റിപ്പോർട്ടുകൾ. വോട്ടർ പട്ടികയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ. ചിലർ വീട്ടുകാർക്ക് തങ്ങളുടെ രേഖകൾ അയച്ചുകൊടുക്കുമ്പോൾ മറ്റുചിലർ ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണ്.
ഇതുവരെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്ത എൻആർഐകൾക്ക് (നോൺ റെസിഡന്റ് ഇന്ത്യൻസ്) പേര് ചേർക്കാനുള്ള സുവർണാവസരമാണിതെന്നും ചില പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. മുൻപ് പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമില്ലായിരുന്നു. ഏറെനാളെ പോരാട്ടങ്ങൾക്ക് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. അതിനാൽ അത് പ്രയോജനപ്പെടുത്തേണ്ടത് വളരെ അവശ്യമാണെന്നും പ്രവാസികൾ വ്യക്തമാക്കുന്നു. 2010ലാണ് ഇന്ത്യയിൽ എൻആർഐ വോട്ടർ രജിസ്‌ട്രേഷൻ ആരംഭിച്ചത്. 'ഓവർസീസ് ഇലക്‌ടർമാരായി' എൻആർഐകളെ രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ കമ്മിഷൻ അനുമതി നൽകിയത് 2011 മുതലാണ്.
യുഎഇ നിവാസികൾക്ക് വോട്ടേഴ്‌സ് സർവീസസ് പോർട്ടൽ ആയ https://voters.eci.gov.in സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കാം. പ്രവാസികൾക്ക് നേരിട്ടോ ഓൺലൈനായോ എനുമറേഷൻ ഫോം പൂരിപ്പിക്കാം. വെബ്‌സൈറ്റിലുള്ള ഫോം 6A ആണ് പൂരിപ്പിക്കേണ്ടത്. ഇതിൽ സ്വന്തം സംസ്ഥാനം, ജില്ല, മണ്ഡലം, വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അടുത്ത ബന്ധുവിന്റെ വിവരങ്ങൾ എന്നിവ നൽകണം. ഡിസംബർ ഒൻപതിനാണ് വോട്ടർ പട്ടികയുടെ ആദ്യ കരട് പ്രസിദ്ധീകരിക്കുക. വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് എൻആർഐ വോട്ടർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ഉറപ്പാക്കേണ്ടതുണ്ട്. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരിയിൽ ആണ് പ്രസിദ്ധീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |