
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹൈവാനിൽ മോഹൻലാൽ അതിഥി താരമായി എത്തുന്നത് ഒപ്പം സിനിമയിലെ ജയരാമൻ എന്ന കാഴ്ച വൈകല്യമുള്ള കഥാപാത്രമായി എന്ന് വിവരം. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നായകൻമാരായി എത്തുന്ന ചിത്രം മുംബയിൽ അവസാനഘട്ട ചിത്രീകരണത്തിലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം ചില മാറ്റങ്ങളോടെ ഹിന്ദിയിൽ ഒരുക്കുന്ന ചിത്രം ആണ് ഹൈവാൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി സെയ്ഫും സമുദ്രക്കനിയുടെ വേഷം അക്ഷയ്കുമാറും ആണ് പുനരവതരിപ്പിക്കുന്നത്. അതേസമയം സമൂഹമാദ്ധ്യമത്തിൽ പ്രിയദർശൻ പങ്കുവച്ച മോഹൻലാലിനും സെയ്ഫ് അലിഖാനുമൊപ്പമുള്ള ചിത്രം പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ചിത്രത്തിൽ ലാലും സെയ്ഫും കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്. ഇരുവരുടെയും കൈകളിൽ വാക്കിംഗ് സ്റ്റിക്കുമുണ്ട്. ഒപ്പത്തിലെ ജയരാമനായിത്തന്നെ ആണോ ഹൈവാനിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതെന്ന സംശയം ആരാധകരിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷം മോഹൻലാൽ അഭിനയിക്കുന്ന ഹിന്ദി ചിത്രം കൂടിയാണ് ഹൈവാൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നതും ആദ്യമാണ്.
നെടുമുടി വേണു ചെയ്ത വേഷത്തിൽ ഹിന്ദിയിൽ ബൊമാൻ ഇറാനി ആണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമിഖേർ, ശ്രീയ പിൽഗോൻക എന്നിവരാണ് മറ്റു താരങ്ങൾ. അക്ഷയ് കുമാറും സെയ്ഫും പങ്കെടുക്കുന്ന ഒൻപത് ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. 17 വർഷങ്ങൾക്കുശേഷം ആണ് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. 2008 ൽ റിലീസ് ചെയ്ത തഷാനിൽ ആണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |