
തിരുവനന്തപുരം:സുരക്ഷയില്ലന്ന് ചൂണ്ടിക്കാട്ടി ഇന്ന് ചേരാൻ നിശ്ചയിച്ചിരുന്ന സിൻഡിക്കേറ്റ് യോഗം മാറ്റിവച്ച് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ.പൊലീസിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദ്ദം കാരണം സുരക്ഷയൊരുക്കില്ലെന്നും ക്യാമ്പസിൽ സുരക്ഷിതത്വമില്ലെന്നും ചൂണ്ടിക്കാട്ടി ഗവർണർ ആർ.വി ആർലേക്കർക്ക് വി.സി കത്ത് നൽകി.കഴിഞ്ഞയാഴ്ച നടന്ന സെനറ്റ് യോഗത്തിൽ വി.സിയെ മൂന്നര മണിക്കൂർ തടഞ്ഞുവയ്ക്കുകയും പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കാർ അരമണിക്കൂർ തടഞ്ഞിടുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
കാർ ആക്രമിക്കപ്പെട്ടിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു.ഗവർണറെ വി.സി വിവരമറിയിച്ച ശേഷമാണ് ഉന്നത പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി വഴിയൊരുക്കിയത്.ഡി.ജി.പിക്ക് സർവകലാശാല പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല.അക്രമം നോക്കിനിന്ന പൊലീസുകാർക്കെതിരെയും നടപടിയില്ല. തനിക്ക് സുരക്ഷ നൽകുന്നതിൽ പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായും യൂണിവേഴ്സിറ്റി അധികൃതർക്കും ജീവനക്കാർക്കും സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും ഗവർണർക്കുള്ള കത്തിൽ വി.സി ചൂണ്ടിക്കാട്ടി.
സുരക്ഷയില്ലാത്തതിനാലാണ് സിൻഡിക്കേറ്റ് യോഗം മാറ്റിവയ്ക്കുന്നതെന്ന് അറിയിച്ച് ഡി.ജി.പിക്ക് രജിസ്ട്രാർ കത്ത് നൽകി.സർവകലാശാലയിൽ സമാധാന അന്തരീക്ഷവും തനിക്ക് സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമേ സിൻഡിക്കേറ്റ് യോഗം ചേരാനാവൂ എന്ന നിലപാടിലാണ് വൈസ് ചാൻസലർ.വൈവാവോസി വിജയകരമായി പൂർത്തിയാക്കിയ 64 പേർക്ക് പിഎച്ച്.ഡി നൽകുന്നത്,വിവാദമായ സംസ്കൃത പിഎച്ച്.ഡിയിലെ തുടർനടപടികൾ, അദ്ധ്യാപകരുടെ പ്രമോഷനുകൾ,പി എം-ഉഷ ഫണ്ടിലൂടെ ലഭിച്ച 100 കോടി രൂപയുടെ വിനിയോഗം എന്നിങ്ങനെ നിരവധി അജൻഡകളാണ് ഇന്നത്തെ യോഗത്തിലുണ്ടായിരുന്നത്.
അതേസമയം കേരള സർവകലാശാല വൈസ്ചാൻസലർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറിന് ഗവർണർ ആർ.വി ആർലേക്കർ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ രേഖാമൂലമുള്ള ഗവർണറുടെ നിർദ്ദേശം രാജ്ഭവൻ ഇന്ന് ഡിജിപിക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |