SignIn
Kerala Kaumudi Online
Tuesday, 18 November 2025 1.56 PM IST

ഹസീനയെ സംരക്ഷിക്കാൻ ഇന്ത്യ, സമ്മർദ്ദവുമായി ബംഗ്ളാദേശ്

Increase Font Size Decrease Font Size Print Page
pic

ന്യൂഡൽഹി: വധശിക്ഷ വിധിച്ച സാഹചര്യത്തിൽ കുറ്റവാളികളെ കൈമാറാനുള്ള ധാരണ പ്രകാരം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ബംഗ്ളാദേശ് ഇടക്കാല സർക്കാർ സമ്മർദ്ദം ശക്തമാക്കുമെങ്കിലും ഇന്ത്യ വിട്ടുവീഴ്‌ച ചെയ്യാനിടയില്ല.

കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കൈമാറ്റം നിഷേധിക്കാൻ കഴിയും. കോടതി വിധി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ഹസീന പ്രതികരിച്ചതും ശ്രദ്ധേയം.

ഹസീനയെ കൈമാറണമെന്ന് ബംഗ്ളാദേശ് ഔപചാരികമായി ആവശ്യപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസും കണ്ടപ്പോൾ വിഷയം ചർച്ചയായിരുന്നു.

# കുറ്റവാളി കൈമാറ്റ ഉടമ്പടി


കുറ്റവാളികളെ കൈമാറുന്നതിനായി 2013 ൽ ഒപ്പിട്ട ഇന്ത്യ-ബംഗ്ലാദേശ് ഉടമ്പടിയിൽ കേസ് രാഷ്ട്രീയ പ്രേരിതമാണെങ്കിൽ കൈമാറ്റം നിഷേധിക്കാമെന്ന് പറയുന്നുണ്ട്. രാഷ്‌ട്രീയ വിഷയങ്ങളാൽ മുൻപും ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ഹസീന പ്രധാനമന്ത്രിയായിരിക്കെയാണ് കരാർ ഒപ്പിട്ടത്.

അതേസമയം, കൊലപാതകം, വംശഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരെ നാടുകടത്തണമെന്ന വ്യവസ്ഥയിലൂന്നിയാകും ബംഗ്ളാദേശിന്റെ സമ്മർദ്ദം. 2016-ൽ ഉടമ്പടിയിൽ ചേർത്ത വകുപ്പ് 10 (3) പ്രകാരം, കുറ്റകൃത്യത്തിന് തെളിവില്ലെങ്കിലും കോടതിയുടെ അറസ്റ്റ് വാറണ്ടിന്റെ പേരിൽ കൈമാറ്റം ചെയ്യണമെന്ന് പറയുന്നുണ്ട്.

# അഭ്യർത്ഥന തള്ളാനുള്ള

മറ്റു കാരണങ്ങൾ:

 കുറ്റങ്ങൾ ജുഡിഷ്യൽ പ്രക്രിയയുടെ താൽപര്യത്തിന് അനുയോജ്യമല്ലെങ്കിൽ

 ക്രിമിനൽ നിയമവ്യവസ്ഥയ്ക്ക് കീഴിൽ വരാത്ത സാമൂഹിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ

 ഹസീനയ്‌ക്ക് ബംഗ്ളാദേശിൽ മോശം പെരുമാറ്റം ഉണ്ടാകുമെന്ന സംശയവും നീതി നിഷേധത്തിനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടി നിരസിക്കാം. കോടതി വളപ്പിൽ മുൻ വിദ്യാഭ്യാസ മന്ത്രി ദീപു മോണി, വ്യവസായ ഉപദേഷ്ടാവ് സൽമാൻ എഫ്. റഹ്മാൻ തുടങ്ങിയവർക്ക് നേരിട്ട അതിക്രമം ഇന്ത്യയുടെ മുന്നിലുണ്ട്

# രഹസ്യ കേന്ദ്രത്തിൽ

ഇന്ത്യയിലേക്ക് പലായനം ചെയ്‌ത ഹസീന 2024 ആഗസ്റ്റ് 5 ന് ഡൽഹി അതിർത്തിയിലെ ഹിൻഡൺ വ്യോമതാവളത്തിൽ എത്തിയെന്ന് മാത്രമാണ് പുറത്തുവന്ന വിവരം. തുടർന്ന് ഡൽഹിയിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഹസീനയയ്‌ക്ക് അഭയം നൽകിയതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. അത്തരത്തിൽ അഭയം നൽകാനുള്ള നിയമമില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ഹസീനയുടെ വിസാ കാലാവധി നീട്ടിയിരുന്നു.

--------------------------

 കപട ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കില്ല: ഷെയ്ഖ് ഹസീന

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കപട ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കുന്നില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024 ജൂലായിലും ആഗസ്റ്റിലും പ്രതിഷേധിച്ചവരെ കൊല്ലാൻ താനോ മറ്റ് രാഷ്ട്രീയ നേതാക്കളോ ഉത്തരവിട്ടിട്ടില്ല. തന്റെ പാർട്ടിയായ അവാമി ലീഗിലെ അംഗങ്ങളെ മാത്രമാണ് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) പ്രോസിക്യൂട്ട് ചെയ‌്തത്.


മുൻ സർക്കാരിനോട് സഹതാപം പ്രകടിപ്പിച്ച മുതിർന്ന ജഡ്ജിമാരെയും അഭിഭാഷകരെയും നീക്കം ചെയ്യുകയോ നിശബ്ദരാക്കുകയോ ചെയ്‌തു. യൂനുസ് ഭരണകൂടത്തിനുള്ളിലെ ഇസ്ലാമിക തീവ്രവാദികൾ ബംഗ്ലാദേശിന്റെ ദീർഘകാല മതേതര പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. മാദ്ധ്യമപ്രവർത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

പുതിയ ഭരണകൂടത്തിൻ കീഴിൽ പൊതുസേവനങ്ങൾ തകർന്നു. കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവുകളിൽ നിന്ന് പൊലീസ് പിൻവാങ്ങി. ജുഡിഷ്യൽ നീതി അട്ടിമറിക്കപ്പെട്ടു. അവാമി ലീഗ് പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഹിന്ദുക്കളും മറ്റ് മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നെന്നും ഹസീന പറഞ്ഞു. യൂനുസിന് തീവ്രവാദ ബന്ധമെന്നും ഹസീന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അവാമി ലീഗ് പാർട്ടിയെ യൂനുസ് സർക്കാർ നിരോധിച്ചെങ്കിലും രാജ്യത്ത് പാർട്ടിയുടെ സ്വാധീനം നഷ്ടമായിട്ടില്ല.


# രണ്ടു പതിറ്റാണ്ട് ഭരിച്ചു

1996 - 2001 കാലയളവിലായിരുന്നു ആദ്യമായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദം വഹിച്ചത്. പിന്നീട് 2008 മുതൽ തുടർച്ചയായ നാല് തിരഞ്ഞെടുപ്പുകളും വിജയിച്ചു. 2024 ജനുവരിയിലെ തിരഞ്ഞെടുപ്പിൽ ഹസീനയുടെ പാർട്ടി പാർലമെന്റിലെ 300 സീറ്റുകളിൽ 223 എണ്ണം സ്വന്തമാക്കിയിരുന്നു

# തന്ത്രപരമായി പ്രതികരിച്ച് ഇന്ത്യ

ഹസീനയ്‌ക്ക് ബംഗ്ളാദേശ് കോടതി വധശിക്ഷ പ്രഖ്യാപിച്ചതിനോട് തന്ത്രപരമായി പ്രതികരിച്ച് ഇന്ത്യ. വിട്ടു നൽകുന്ന കാര്യം സൂചിപ്പിച്ചിട്ടില്ല. അടുത്ത അയൽരാജ്യം എന്ന നിലയിൽ, ബംഗ്ലാദേശിലെ ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുൾപ്പെടെയുള്ള താൽപര്യങ്ങൾക്കായി പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആ ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപെടുമെന്നും പറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.