
ന്യൂഡൽഹി: മോഹിച്ച് കിട്ടിയ ആദ്യ ജോലിയിൽ പ്രവേശിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ രാജിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച പേസ്റ്റാണ് ശ്രദ്ധേയമായത്. 'ആദ്യമായിട്ടാണ് എനിക്കൊരു ജോലി കിട്ടിയത്, എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം രാജിവച്ചു' എന്ന തലക്കെട്ടയോടെയാണ് യുവതി സ്വന്തം അനുഭവം പങ്കുവച്ചത്.
ഒരു ദിവസം ഒമ്പത് മണിക്കൂർ ഷിഫ്റ്റുള്ള വർക്ക് ഫ്രം ഹോം ജോലിയായിരുന്നു. പ്രതിമാസം 12,000 രൂപയായിരുന്നു ശമ്പളം. ജോലി താരതമ്യേന സമ്മർദ്ദം കുറഞ്ഞതായിരുന്നുവെങ്കിലും ഇത് സമയം മുഴുവൻ അപഹരിക്കുമെന്നും കരിയറിൽ വളർച്ചയുണ്ടാകില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചറിയുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
"ജോലി ചെയ്യാൻ എനിക്ക് കഴിയുമെന്ന് കരുതി. എന്നാൽ മൂന്ന് മണിക്കൂർ കൊണ്ട് ഈ ജോലി എന്റെ സമയം മുഴുവൻ എടുക്കുമെന്നും എന്റെ കരിയറിൽ വളർച്ചയുണ്ടാകില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ജാേലി രാജിവച്ചു," യുവതി കുറിച്ചു. ജോലി രാജിവയ്ക്കാനുള്ള യുവതിയുടെ തീരുമാനത്തെ പിന്തുണച്ച് ഒട്ടേറെ പേരാണ് ഉപദേശങ്ങളുമായി എത്തിയത്. ചിലർ യുവതിക്ക് ആശ്വാസവും പിന്തുണയും നൽകി.
"അടിപൊളി. മോശമല്ലാത്ത ശമ്പളമാണെങ്കിൽ പോലും അത് നിങ്ങൾക്ക് സന്തോഷം തരുന്നില്ലെങ്കിൽ എന്തിനാണ് പിന്നെ അതിൽ കടിച്ചുതൂങ്ങി നിൽക്കുന്നത്. ഇഷ്ടമുള്ള ജോലി കിട്ടട്ടേയെന്ന് ആശംസിക്കുന്നു' ഒരാൾ അഭിപ്രായപ്പെട്ടു.
'സമ്മർദ്ദം കുറഞ്ഞ ജോലിയായിരുന്നെങ്കിൽ പരിചയം നേടാനായി കുറച്ചുകാലം തുടർന്ന ശേഷം നല്ല ശമ്പളമുള്ള മറ്റൊന്നിലേക്ക് മാറാമായിരുന്നു. എന്തായാലും ഇത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്,' മറ്റു ചിലരുടെ ഉപദേശം ഇങ്ങനെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |