
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയ്ക്ക് ആദ്യ കടമ്പയായി തലസ്ഥാനത്തെ ജനസംഖ്യാക്കുറവ്. കേന്ദ്രസർക്കാരിന്റെ മെട്രോ നയപ്രകാരം കുറഞ്ഞത് 20ലക്ഷം ജനസംഖ്യയുള്ളിടത്തേ മെട്രോ അനുവദിക്കൂ. എന്നാൽ 2011ലെ സെൻസസ് പ്രകാരം 16.79ലക്ഷമാണ് തിരുവനന്തപുരത്തെ ജനസംഖ്യ. നഗരത്തിലും പരിസരത്തുമായി 7.88ലക്ഷമേയുള്ളൂ.മെട്രോയ്ക്കായി തയ്യാറാക്കിയ പദ്ധതിരേഖയിൽ പുതിയ ജനസംഖ്യയായി കണക്കാക്കിയിരിക്കുന്നത് 13.5ലക്ഷമാണ്.മെട്രോപാത കടന്നുപോകുന്നതടക്കമുള്ള 371.94ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ മാത്രമാണ് പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
20 ലക്ഷം ജനസംഖ്യയില്ലെന്ന കാരണത്താൽ കോയമ്പത്തൂർ,മധുര മെട്രോ പദ്ധതികൾക്കുള്ള ഡി.പി.ആർ കേന്ദ്രം തള്ളിയിട്ടുണ്ട്. 2011ലെ സെൻസസ് പ്രകാരം കോയമ്പത്തൂർ നഗരത്തിൽ 15.84ലക്ഷം,മധുരയിൽ 14.7ലക്ഷം മാത്രമാണ് ജനസംഖ്യ. ഇതു പാഠമാക്കി കൊച്ചിമെട്രോ തയ്യാറാക്കുന്ന പദ്ധതിരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. മറ്റുനഗരങ്ങളിലെ മെട്രോകൾക്കായുള്ള
പദ്ധതിരേഖയിൽ നഗരത്തിന് ചുറ്റുമുള്ള 500മുതൽ 900ചതുരശ്ര കി.മീ പ്രദേശത്തെ ജനസംഖ്യാവിവരങ്ങൾ ഉൾപ്പെടുത്താറുണ്ട്. സമാനമായ ഭേദഗതി പദ്ധതിരേഖയിൽ വരുത്തിയാലേ മെട്രോയ്ക്ക് തടസമില്ലാതെ അനുമതി ലഭ്യമാവൂ.
തിരുവനന്തപുരത്ത് ഇപ്പോൾ 33ലക്ഷം ജനസംഖ്യയുണ്ടാവുമെന്നാണ് വിലയിരുത്തൽ. നഗരത്തിലാവട്ടെ ജനസാന്ദ്രത വളരെ കൂടുതലുമാണ്. പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽവരെ നഗരം ചുറ്റിയാണ് മെട്രോപാത.ഭാവിയിൽ നെയ്യാറ്റിൻകരയിലേക്കും ആറ്റിങ്ങലിലേക്കും നീട്ടാനും സാധിക്കും. പദ്ധതിരേഖയിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാൽ 20ലക്ഷമെന്ന ജനസംഖ്യാ കടമ്പ മറികടക്കാനുമാവും. ലൈറ്റ്മെട്രോയ്ക്കായി 2014ൽ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖയിൽ തലസ്ഥാനത്തെ ജനസംഖ്യാനിരക്കിൽ പ്രതിവർഷം 3ശതമാനത്തിന്റെ വർദ്ധനവുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതുംമെട്രോയ്ക്കുള്ള പുതുക്കിയ ഡി.പി.ആറിൽ ഉൾപ്പെടുത്തേണ്ടിവരും.
യാത്രക്കാർ ഇങ്ങനെ
ഡൽഹി --------------------- 65ലക്ഷം
ബംഗളൂരു ------------------ 10ലക്ഷം
കൊൽക്കത്ത ------------ 9.8ലക്ഷം
ചെന്നൈ ------------------- 3.3ലക്ഷം
തലസ്ഥാനത്തിന്
ഇളവ് കിട്ടാം
ഇരുപത് ലക്ഷം ജനസംഖ്യയില്ലെങ്കിലും സംസ്ഥാനങ്ങളുടെ തലസ്ഥാനനഗരങ്ങൾക്ക് മെട്രോ അനുവദിക്കാറുണ്ട്.ബീഹാറിന്റെ തലസ്ഥാനമായ പട്ന(17ലക്ഷം),മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാൽ(18.8ലക്ഷം) എന്നിവിടങ്ങളിൽ മെട്രോ അനുവദിച്ചിരുന്നു.
31കിലോമീറ്റർ, 27 സ്റ്റേഷനുകൾ
പാപ്പനംകോട നിന്ന് ആരംഭിച്ച് കിള്ളിപ്പാലം,പാളയം,ശ്രീകാര്യം,കഴക്കൂട്ടം,ടെക്നോപാർക്ക്, കൊച്ചുവേളി,വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നതാണ്
മെട്രോപാത.
27സ്റ്റേഷനുകളുണ്ട്.കഴക്കൂട്ടം/ടെക്നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചതോടെ 31,000 ടെക്കികൾക്ക് യാത്രാസൗകര്യമാവും.
വിമാനത്താവളത്തിലിറങ്ങുന്നവർക്ക് റെയിൽവേ - ബസ് സ്റ്റേഷനുകളിലേക്ക് കണക്ടിവിറ്റിയാവും.
മറ്റുജില്ലകളിൽ നിന്നെത്തുന്നവർക്ക് കഴക്കൂട്ടത്തും പാപ്പനംകോട്ടും ഇറങ്ങി നഗരത്തിലെത്താം
മെഡിക്കൽ കോളേജിലേക്ക് നിത്യേനയെത്തുന്ന ആയിരങ്ങൾക്ക് ഗുണകരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |