
ന്യൂഡൽഹി: പാട്ന ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിൽ പത്താം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഒപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,എൻ.ഡി.എ മുഖ്യമന്ത്രിമാർ അടക്കം പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
കഴിഞ്ഞ സഭയിലെ ഉപമുഖ്യമന്ത്രിമാരായിരുന്ന ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും അതേ പദവിയിൽ തുടരും. ഇവരടക്കം 14 ബി.ജെ.പി മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു. നിതീഷിനെ കൂടാതെ ജെ.ഡി.യു അംഗബലം എട്ടാണ്. എൽ.ജെ.പിക്ക് രണ്ട്. എച്ച്.എ.എം നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് മാഞ്ചി,ആർ.എൽ.എം നേതാവ് ഉപേന്ദ്ര ഖുശ്‌വാഹയുടെ മകൻ ദീപക് പ്രകാശും സത്യപ്രതിജ്ഞ ചെയ്‌തു. ജെ.ഡി.യുവിന്റെ സമാഖാൻ ഏക മുസ്ലിം പ്രതിനിധിയാണ്. ശ്രേയസി സിംഗ്,രമാ നിഷാദ് (ബി.ജെ.പി),ലെഷി സിംഗ് (ജെ.ഡി.യു) എന്നീ വനിതകളും ഇടം നേടി.
ഗംച വീശി
പ്രധാനമന്ത്രി
പരമ്പരാഗത ബീഹാറി വേഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പാട്‌ന ഗാന്ധി മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. തോളിലിടുന്ന ഗംച വേദിയിൽ വച്ച് വീശാനും അദ്ദേഹം മറന്നില്ല. ബീഹാർ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ വിജയം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിച്ചപ്പോൾ മോദി ഗംച വീശിയത് വാർത്തയായിരുന്നു.
വേദിയിൽ പ്രധാനമന്ത്രി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൈപിടിച്ചുയർത്തിയപ്പോൾ സദസിൽ നിന്ന് വൻ ആരവമുയർന്നു. ബീഹാറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന സമർപ്പിതരായ നേതാക്കളുള്ള അത്ഭുത ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പിന്നീട് അദ്ദേഹം എക്‌സിൽ കുറിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി,മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത,നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ,ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി,രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ,ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി,ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ,എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |