
കോഴിക്കോട്: കോഴിക്കോട് കോ ഓർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിശ്ചയിച്ച സംവിധായകൻ വി.എം. വിനുവിന് പകരം പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബെെജു കാളക്കണ്ടി മത്സരിക്കും. ഇന്നലെ രാവിലെ ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് കെ.പ്രവീൺകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് ഉൾപ്പെടെയുള്ള നേതാക്കളാണ് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വോട്ടർപട്ടികയിൽ പേരില്ലാത്ത സാഹചര്യത്തിലാണ് വി.എം. വിനുവിന് സ്ഥാനാർത്ഥിത്വം നഷ്ടമായത്. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിനുവിന്റെ ഹർജി ഹെെക്കോടതി തള്ളിയിരുന്നു. ആദ്യമായാണ് ബെെജു മത്സരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഹെൽപിംഗ് കെയർ സംഘടനാ പ്രവർത്തനത്തിലും മറ്റ് ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. ഭാര്യ: ജനീഷ. മകൾ: ആര്യകൃഷ്ണ (പ്ളസ് വൺ വിദ്യാർത്ഥി). ബെെജുവിന്റേത് ഉൾപ്പെടെ കോ ഓർപ്പറേഷൻ വാർഡുകളിൽ വി.എം. വിനു പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കല്ലായിയിൽ പ്രചാരണത്തിന് ഇറങ്ങാമെന്ന് സമ്മതിച്ചതായി സ്ഥാനാർത്ഥി ബെെജു പറഞ്ഞു. വോട്ടില്ലാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് സൗത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയെയും കോൺഗ്രസ് മാറ്റി. ബിന്ദു കമ്മനക്കണ്ടിക്ക് പകരം രമ്യ കമ്മനക്കണ്ടി മത്സരിക്കും. ബിന്ദു ജില്ല കളക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |