
ബംഗളൂരു: എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ആര്‍ബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന 7.11 കോടി രൂപ തട്ടിയെടുത്ത സംഘം സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവയാണ് തിരുപ്പതിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ജയദേവ ഡയറി സര്‍ക്കിളിനടുത്തുവെച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെന്ന വ്യാജേന എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് പണവുമായി പോയ ജീവനക്കാരെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചത്.
തിരുപ്പതി പൊലീസും ബംഗളൂരു സൗത്ത് ഡിവിഷന്‍ പൊലീസും ചേര്‍ന്ന് തിരുപ്പതിക്ക് ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍, പ്രദേശത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ എന്നിവ പരിശോധിച്ചു. കവര്‍ച്ച നടത്തിയ സംഘം വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മാറ്റിയതായി പൊലീസ് പറഞ്ഞു.
കവര്‍ച്ചക്കു മുമ്പ് കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികള്‍ ബംഗളൂരുവില്‍ സഞ്ചരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഡയറി സര്‍ക്കിള്‍ ഫ്‌ളൈ ഓവറിനും ഒരു ബാറിനും സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചക്ക് ശേഷം സി.സി.ടി.വി ക്യാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി രക്ഷപ്പെടാനുള്ള വഴി ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്തതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |