
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണവേട്ടയുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വർണം പിടിച്ചെടുക്കുന്ന പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഫലപ്രദമായ വിചാരണ നടക്കാത്തതിനാൽ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് പിടിച്ചെടുത്ത 169 ഗ്രാം സ്വർണം വിട്ടുകിട്ടണമെന്ന ആവശ്യം മഞ്ചേരി കോടതി തള്ളിയതിനെതിരെ വടകര സ്വദേശി പി.എം.മുഹമ്മദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.ശ്യാംനാഥിന്റെ വിശദീകരണം. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് വിഷയം 24ന് പരിഗണിക്കും.
കസ്റ്റംസ് ഏരിയയിൽ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന പരിശോധന കസ്റ്റംസ് ആക്ട് പ്രകാരം ശിക്ഷാർഹവും യാത്രക്കാരുടെ അവകാശങ്ങളുടെ ലംഘനവുമാണ്.
പ്രതികൾ ശരീരത്തിൽ ഒളിപ്പിക്കുന്ന സ്വർണം പുറത്തെടുക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടി പലപ്പോഴും അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. കരിപ്പൂരിൽ അടുത്തകാലത്ത് പൊലീസ് നടത്തിയ 170 സ്വർണവേട്ടകളിൽ 134 എണ്ണം മാത്രമാണ് കോടതി മുഖേന കസ്റ്റംസ് അറിഞ്ഞത്. ആറു കേസുകൾ മാത്രമാണ് പൊലീസ് നേരിട്ട് കൈമാറിയത്. കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് 102 കേസുകളിൽ പിടിച്ചെടുത്ത സ്വർണം കൈമാറിയിട്ടുണ്ട്. ഹർജിക്കാരന്റെ കേസിൽ പൊലീസ് തൊണ്ടി കൈമാറുകയോ കോടതി നോട്ടീസ് ലഭിക്കുകയോ ചെയ്തിട്ടില്ല. ആഭരണങ്ങൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമായിട്ടുണ്ട്. അതിനാൽ തുടർനടപടിയിലേക്ക് കടക്കുമെന്നും മുഹമ്മദിന്റെ ഹർജി തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |