
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും പരിശോധന നടത്തണം
കൊച്ചി: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിതോരണങ്ങളും ബോർഡുകളും രണ്ടാഴ്ചയ്‌ക്കകം നീക്കാൻ ഹൈക്കോടതി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം അവർ വ്യക്തിപരമായി ഉത്തരവാദികളാകും.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന തോരണങ്ങളും ബോർഡുകളും സംബന്ധിച്ച് പരിശോധന നടത്തി നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. സെന്റ് സ്റ്റീഫൻസ് മലങ്കര ചർച്ച് കേസിൽ മാർച്ച് 25ന് കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും നിയമലംഘനങ്ങൾ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി കെ.ടി. രാഹുൽ നൽകിയ റിവ്യൂ ഹർജിയാണ് കോടതി പരിഗണിച്ചത്. മുൻ ഉത്തരവിൽ പറഞ്ഞതുപ്രകാരം തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കാൻ സ്ഥിരം സംവിധാനം ഒരുക്കിയാലേ മാറ്റമുണ്ടാകൂവെന്നും ഹർജിക്കാരൻ വാദിച്ചു.
തിരഞ്ഞെടുപ്പിന്റെ കൊടിതോരണങ്ങൾ നടപ്പാതകളിലും കൈവരികളിലും നിറഞ്ഞിരിക്കുകയാണെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചു. ഒരവസരം കൂടി നൽകുകയാണെന്നും തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കണമെന്ന നിർദ്ദേശം അതിനുശേഷം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അനധികൃത ബോർഡുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും ഉറപ്പുനൽകി. രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്തു നൽകുമെന്നും അറിയിച്ചു. ഇത് കോടതി രേഖപ്പെടുത്തി. വിഷയം ഡിസംബർ 3ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |