
തിരുവനന്തപുരം: കാർഷിക യന്ത്രവത്കരണ ലക്ഷ്യം പൂർത്തീകരിക്കാൻ കാർഷിക എൻജിനിയറിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്ന കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിർദ്ദേശം ഫയലിലുറങ്ങുന്നു. ജില്ലാ -ബ്ലോക്ക് തലത്തിൽ കാർഷിക എൻജിനീയർമാരുടെ തസ്തികകൾ വേണമെന്ന് 2022 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ഇക്കഴിഞ്ഞ ഒക്ടോബറിലും മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിരുന്നു.
കാർഷികോത്പാദനത്തിലെ യന്ത്രവത്കരണം, ഗ്രാമീണ വിളവെടുപ്പിനുശേഷമുള്ള സംസ്കരണവും മൂല്യവർദ്ധനവും,യന്ത്രവത്കൃത പരിസ്ഥിതി,മൃഗസംരക്ഷണം, എന്നിവ ഭക്ഷ്യസുരക്ഷയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. പ്രിസിഷൻ ഫാമിംഗ് മെഷീനുകൾ, ഡ്രോണുകൾ, എ.ഐ ,റോബോട്ടിക്സ്, മറ്റ് സെൻസർ സാങ്കേതികവിദ്യകൾ തുടങ്ങിയ ഹൈടെക് മെഷീനുകളിലെ കാർഷിക വെല്ലുവിളികളെ നേരിടുന്നതിന് എൻജിനീയർമാരുള്ള ഡയറക്ടറേറ്റുകൾ ആവശ്യമാണ്.കാർഷിക യന്ത്രവത്കരണം ത്വരിതപ്പെടുത്തുന്നതിനും 2047 ഓടെ 75% വളർച്ച നേടുന്നതിനും ഓരോ സംസ്ഥാനത്തും കാർഷിക എൻജിനീയറിംഗ് ഡയറക്ടറേറ്റ് സൃഷ്ടിക്കാൻ 2022-23 ലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിലും ശുപാർശ ചെയ്തിട്ടുണ്ട്. 1981ൽ തമിഴ്‌നാട്ടിൽ കാർഷിക എൻജിനീയറിംഗ് ഡയറക്ടറേറ്റ് രൂപീകരിച്ചു. 1029 കാർഷിക എൻജിനീയർമാരാണ് ഈ വിഭാഗത്തിലുള്ളത്.
നാമമാത്രമായി തസ്തികകൾ
സംസ്ഥാനത്ത് കൃഷി വകുപ്പ്, മണ്ണ് പര്യവേക്ഷണം -മണ്ണ് സംരക്ഷണ വകുപ്പ്, ഭൂഗർഭജല വകുപ്പ്, കെ.എൽ.ഡി.സി, കൈകോ, കാംകോ തുടങ്ങിയ സർക്കാർ ഏജൻസികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവിടങ്ങളിൽ നാമമാത്രമായി കാർഷിക എൻജിനീയറിംഗ് തസ്തികകൾ നിലവിലുണ്ട്. എന്നാൽ ഇവയെല്ലാം ക്രോഡീകരിച്ച് ഡയറക്ടറേറ്റ് രൂപീകരണം സാദ്ധ്യമായിട്ടില്ല. കൃഷി അധിഷ്ടിതമായ എൻജിനീയറിംഗ് ജോലികളിൽ ഏറിയ പങ്കും സിവിൽ /മെക്കാനിക്കൽ എൻജിനീയർമാരും കാർഷിക ബിരുദധാരികളുമാണ്. കാർഷിക മേഖലയിലെ സാങ്കേതിക മേഖലയിലുള്ള കാർഷിക എൻജിനീയർമാരുടെ ഏകോപനവും നിയന്ത്രണവും സാദ്ധ്യമായാൽ പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ ഫലപ്രദമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |