SignIn
Kerala Kaumudi Online
Friday, 21 November 2025 6.02 PM IST

അദ്ധ്യാപകരിൽ നിന്ന് മാനസിക പീഡനം നേരിട്ട 16കാരന്റെ ആത്മഹത്യ; അറിവ് പകർന്ന് നൽകേണ്ടവർ ജീവനെടുക്കുമ്പോൾ

Increase Font Size Decrease Font Size Print Page
shourya-

രാജ്യതലസ്ഥാനത്തെ സെന്റ് കൊളംബിയാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ വലിയ ഞെട്ടലും പ്രതിഷേധവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നവംബർ 18ന് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് 16കാരനായ ശൗര്യ ജീവനൊടുക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപ് കുട്ടി എഴുതിവച്ച കത്തിൽ സ്കൂളിലെ അദ്ധ്യാപകർക്കും ഹെഡ്മാസ്റ്റർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ശൗര്യയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. ആരോപണവിധേയരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ആത്മഹത്യാക്കുറിപ്പിലെ കുട്ടിയുടെ വാക്കുകൾ

ശൗര്യ തന്റെ കുടുംബത്തിനായി എഴുതിയ അവസാന കുറിപ്പിൽ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് വിവരിക്കുന്നത്. 'സോറി മമ്മി, ഒരുപാട് തവണ ഞാൻ അമ്മയുടെ മനസ് വേദനിപ്പിച്ചു. ഇത് അവസാനമായി ചെയ്യുന്നതാണ്. സ്കൂളിലെ ടീച്ചർമാർ ഇങ്ങനെയൊക്കെയാണ് എന്തു പറയാൻ. ചേട്ടാ എന്നോട് ക്ഷമിക്കണം ചേട്ടനോട് പലപ്പോഴും കടുപ്പത്തിലാണ് ഞാൻ പെരുമാറിയിട്ടുള്ളത്. സോറി പപ്പാ ഞാൻ അങ്ങയെപ്പോലെ നല്ലൊരു വ്യക്തിയാകേണ്ടതായിരുന്നു.' തനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് സെന്റ് കൊളംബിയാസിലെ ടീച്ചർമാർ കാരണമാണെന്ന് ആത്മഹത്യാ കുറിപ്പിൽ ശൗര്യ വ്യക്തമായി പറയുന്നുണ്ട്.


തന്റെ അവസാന ആഗ്രഹം ഇതിന് കാരണക്കാരായവർക്കെതിരെ നടപടി എടുക്കണമെന്നാണ്. മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്നും ശൗര്യ പറയുന്നു. കുറിപ്പിൽ ഒരു ഫോൺ നമ്പർ എഴുതിച്ചേർത്ത ശൗര്യ അതിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടു. തന്റെ ശരീരത്തിലെ ഏതെങ്കിലും അവയവം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് അത്യാവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണമെന്നും തന്റെ കുടുംബത്തോട് ശൗര്യ അഭ്യർത്ഥിച്ചു.

ഹെഡ്മാസ്റ്റർ അപരാജിത പാൽ, അദ്ധ്യാപകരായ ജൂലി വർഗീസ്, മനു കാൽറ, യുക്തി അഗർവാൾ മഹാജൻ എന്നിവർക്കെതിരെ ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.


സ്കൂളിലെ ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ചേർന്ന് തന്റെ മകനെ ചെറിയ തെറ്റുകൾക്ക് പോലും നിരന്തരം വഴക്കു പറയുകയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തതായി പിതാവ് പ്രദീപ് പാട്ടീൽ ആരോപിച്ചു. ജൂലി വർഗീസ് എന്ന അദ്ധ്യാപിക നാല് ദിവസമായി ശൗര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നുമായിരുന്നു ഇവർ ഭീഷണി മുഴക്കിയത്.


മറ്റൊരു അദ്ധ്യാപകനായ മനു കാൽറ ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ഒരിക്കൽ ശൗര്യയെ തള്ളിയിട്ടതായും എഫ്ഐആറിൽ പറയുന്നു. ശൗര്യ ആത്മഹത്യ ചെയ്തതിന്റെ അന്ന് ഡ്രാമ ക്ലാസിനിടെ കാൽ വഴുതിയപ്പോൾ യുക്തി മഹാജനെന്ന അദ്ധ്യാപിക കളിയാക്കിയിരുന്നു. ഓവർ ആക്ടിംഗ് ആണെന്ന് പറഞ്ഞ് ശൗര്യയെ എല്ലാവരുടെയും മുന്നിലിട്ട് അപമാനിക്കുകയും ചെയ്തു.
ഇത് സഹിക്കാനാവാതെ ശൗര്യ കരഞ്ഞപ്പോൾ എത്ര വേണമെങ്കിലും കരഞ്ഞോ, എനിക്കതൊരു ചുക്കുമില്ലെന്ന് പറഞ്ഞ് അദ്ധ്യാപിക കൂടുതൽ പീഡിപ്പിച്ചെന്നും പിതാവ് ആരോപിച്ചു.

പ്രീ ബോർഡ് പരീക്ഷയ്ക്ക് 10 ദിവസം മാത്രം ബാക്കി നിൽക്കെ ഒരു വിദ്യാർത്ഥിയോട് ഇങ്ങനെ പെരുമാറുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥിയുടെ മരണത്തിൽ ഡൽഹി സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ അഞ്ചംഗ സമിതിയെ നിയമിച്ചു. സംഭവത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും വീഴ്ചകളും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ജോയിന്റ് ഡയറക്ടർ ഹർഷിത് ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി നിഷ്പക്ഷമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം, എഫ്ഐആറിൽ പേരുള്ള ഹെഡ്മാസ്റ്ററെ അറിയിപ്പുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ റോബർട്ട് ഫെർണാണ്ടസ് അറിയിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോൾ എത്തണമെന്നും പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ സ്കൂൾ വളപ്പിൽ പ്രവേശിക്കാനോ വിദ്യാർത്ഥികളുമായോ ജീവനക്കാരുമായോ ബന്ധപ്പെടാനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: SUICIDE, LATESTNEWS, CRIME, SUICIDES, DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.