
ഗാന്ധിനഗർ: അംബാനി കുടുംബത്തിന്റെ ക്ഷണപ്രകാരം ഗുജറാത്ത് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെ അനന്ത് അംബാനിക്കൊപ്പം ജാംനഗറിലെ വന്താര വന്യജീവി സങ്കേതവും പ്രദേശത്തെ ക്ഷേത്രങ്ങളും ട്രംപ് ജൂനിയർ സന്ദർശിച്ചിരുന്നു. ഇതിനിടെ അനന്ത് അംബാനി ട്രംപ് ജൂനിയറിനും കുടുംബത്തിനുമായി ഒരു സ്വകാര്യ ദാണ്ഡിയ നൃത്തം സംഘടിപ്പിച്ചിരുന്നു. ട്രംപ് ജൂനിയർ കുടുംബസമേതം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വന്താരയിൽ നിന്നാണ് ഇന്നലെ ട്രംപ് ജൂനിയർ ദിവസം ആരംഭിച്ചത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വന്താരയെക്കുറിച്ച് വിശദമായി അദ്ദേഹം മനസിലാക്കി. ജീവനക്കാരോടും സംസാരിക്കുകയും ചെയ്‌തു. അവിടെ നിന്നും അദ്ദേഹം സമീപത്തുള്ള ഗണപതി ക്ഷേത്രങ്ങളിലും മറ്റ് ദേവാലയങ്ങളിലും എത്തി പ്രാർത്ഥിച്ചു. ഇതിനെല്ലാം ശേഷമാണ് സായാഹ്നത്തിൽ ദാണ്ഡിയ നൃത്തം ചെയ്‌തത്. അനന്ത് അംബാനിയും ഭാര്യ രാധിക മെർച്ചന്റും ട്രംപ് ജൂനിയറും ഭാര്യ വനേസ ട്രംപും ദാണ്ഡിയ നൃത്തം ചെയ്‌തു.
വ്യവസായി കൂടിയായ ഡൊണാൾഡ് ട്രംപ് ജൂനിയർ ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ചിരുന്നു. ജില്ലാ അധികാരികൾ വൻ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയത്. അദ്ദേഹത്തിന്റെ വരവ് പ്രമാണിച്ച് താജ്‌മഹലിന് ചുറ്റും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പരിസരത്തെ തെരുവു നായ്‌ക്കളെയും കന്നുകാലികളെയും തുരത്തി.
ഒരു രാത്രിക്ക് 11,00,000 രൂപ മുറി വാടകയുള്ള ഒബ്‌റോയ് അമർവിലാസിലെ കോഹിനൂർ സ്യൂട്ടിലാണ് ട്രംപ് ജൂനിയർ തങ്ങിയത്. ഹോട്ടലിലെ മുറിയിൽ നിന്നാൽ താജ്മഹൽ കാണാം. പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും 2020ൽ താജ്മഹൽ സന്ദർശിച്ചിരുന്നു. അമേരിക്കൻ കോടീശ്വരൻ രാജു മണ്ടേനയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ട്രംപ് ജൂനിയർ ഇന്ത്യയിലെത്തിയത്. ഇന്ന് രാജസ്ഥാനിലെ ഉദയ്‌പൂർ ജഗ് മന്ദിർ പാലസിലാണ് വിവാഹം. നവംബർ 24 വരെ ട്രംപ് ജൂനിയർ ഉദയ്‌പൂരിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |