
എക്കോ സിനിമയുടെ വിശേഷങ്ങളുമായി ദിൻജിത്തും ബാഹുൽ രമേശും
അമ്മിണിപ്പിളളയുമായി കക്ഷി ചേർന്നാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും ഒരുമിക്കുന്നത്. സൂപ്പർ ഹിറ്റായ കിഷ്കിന്ധാകാണ്ഡത്തിനുശേഷം ഹാട്രിക് ആയി ഇവരുടെ എക്കോ തിയേറ്ററിൽ വിസ്മയമാകുന്നു. സന്ദീപ് പ്രദീപ് നായകനായ എക്കോയുടെ വിശേഷങ്ങളുമായി ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും ചേരുന്നു.
എക്കോ എന്ന ടൈറ്റിൽ എങ്ങനെ ലഭിച്ചു ?
ദിൽജിത്ത് : ഷൂട്ട് പൂർത്തിയായി അവസാന നിമിഷം ആണ് പലപ്പോഴും പേര് തീരുമാനിക്കുന്നത്. അതിനകം പല പേരും അഭിപ്രായവും വന്നെങ്കിലും രസം തോന്നിയില്ല.അതിശയപ്പിക്കുന്ന പേരാണ് ഞങ്ങൾ നോക്കിയത് .പിന്നെ മലയാളം വേണോ ഇംഗ്ളീഷ് വേണോ എന്ന ആശയക്കുഴപ്പത്തിൽ എത്തി .മലയാളംപേരുകൾ ഇഷ്ടപ്പെട്ടില്ല,അങ്ങനെ ലിസ്റ്റ് ഇടുന്നതിനിടെ എക്കോ കണ്ടത്. . ബാഹുലിനോട് പറഞ്ഞപ്പോൾ അവനും ഇഷ്ടമായി. ഞങ്ങളുടെ ടീമും ഒാകെ ആയിരുന്നു.
എന്താണ് ഈ സിനിമയുടെ ലോകം ?
ബാഹുൽ : എക്കോ ഒരു പിരമിഡ് മിസ്റ്ററി ഡ്രാമയാണെന്ന് പറയാം.കർണാടക അതിർത്തിയോട് ചേർന്ന ഭൂപ്രദേശത്താണ് കഥ നടക്കുന്നത്.ഭൂപ്രകൃതിയും, കാലാവസ്ഥയും എല്ലാം ഒത്തുചേർന്ന് കഥാഗതിയിൽ പലപ്പോഴായി അവിടേക്ക് വന്നുചേരുന്ന കഥാപാത്രങ്ങളും ചേരുന്ന ലോകം.
ദിൽജിത്ത് - ബാഹുൽ കൂട്ടുകെട്ട് ?
ബാഹുൽ : ഞങ്ങൾക്കിടയിൽ സിനിമ ബന്ധത്തിനുപരി നല്ലൊരു സുഹൃത് ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഞങ്ങളുടെ ആ അടുപ്പം ഒരുമിച്ച് ജോലി ചെയ്യുമ്പോൾ ഒരുപാട് ഗുണം ചെയ്യുന്നു .മറ്രു സഹപ്രവർത്തകരേക്കാൾ യാതൊരു ഔപചാരികതയും ഇല്ലാതെ ആസ്വദിച്ച് ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്.
ദിൽജിത്ത് : - ഞങ്ങളുടെ കോമ്പോ വളരെ രസമാണ്.നേരിട്ട് കാണുമ്പോൾ എല്ലാം പല കഥകളെ പറ്റി സംസാരിക്കാറുണ്ട്.അപ്പോഴെല്ലാം എന്നെ അതിശയിപ്പിക്കുന്ന കഥകളാണ് ബാഹുൽ പറയുക. ഇനി വരാൻ പോകുന്നത് ഒരുമിച്ചല്ലാത്ത സിനിമകളാണ് .എന്നാൽ നല്ല അവസരം വരുമ്പോൾ തീർച്ചയായും ഇനിയും ഒരുമിക്കും.
വന്യതയുടെ ലോകവും ജീവജാലങ്ങളും ആവർത്തിക്കുകയാണ് അല്ലേ ?
ദിൽജിത്ത് : കിഷ്കിന്ധാ കാണ്ഡത്തിൽ കാടിന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നു,അതിനാലാണ് കുരങ്ങ് വന്നു ചേർന്നത്. അതേപോലെ എക്കോയിലും മൃഗങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണ്. അല്ലാതെ വെറുതേ ഉൾപ്പെടുത്തുന്നതല്ല.ഇനി അടുത്ത സിനിമയിൽ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ അത് മുൻകൂട്ടി പറയാൻ പറ്റില്ല.സിനിമയുടെ കണ്ടന്റ് അനുസരിച്ച് വരാം,വരാതിരിക്കാം.
ബാഹുൽ : കിഷ്കിന്ധാ കാണ്ഡം എഴുതി കഴിഞ്ഞപ്പോൾ അനിമൽ ട്രിയോളജി ചെയ്യാൻ പറ്രിയിരുന്നെങ്കിൽ എന്ന് തോന്നി . അത് തുടർച്ചയായ കഥകൾ എന്ന രീതിയിലല്ല, മറിച്ച് മൃഗങ്ങൾ സ്വാധീനം ചെലുത്തുന്ന മൂന്ന് വിഭിന്ന കഥകൾ.ഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോൾ മൃഗങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ ആ കഥയ്ക്ക് ഒരു കൗതുകം കിട്ടും എന്നൊരു തോന്നൽ അനുഭവപ്പെട്ടു .ഇനി ഒരുപക്ഷേ സിനിമയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കഥാസമാഹാരമെങ്കിലും രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചാൽ നന്നായിരിക്കും എന്ന് ആഗ്രഹിച്ചു.കാരണം എല്ലാം നമ്മൾ വിചാരിക്കുന്നതു പോലെ നടക്കണം എന്ന് വാശിപിടിച്ചിട്ട് കാര്യമില്ലല്ലോ.എന്തായാലും ആഗ്രഹിച്ച പോലെ മൂന്നും ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോൾ സന്തോഷമുണ്ട്.
തിരക്കഥാകൃത്തും ഛായാഗ്രാഹകനും ഒരാൾത്തന്നെയാകുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത ?
ബാഹുൽ : അത് വളരെ രസമുള്ള ഒന്നാണ്. ഷൂട്ട് ചെയ്യുമ്പോൾ പെട്ടെന്നുതന്നെ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും തീരുമാനങ്ങൾ എടുക്കാനും എളുപ്പം കഴിയുന്നു .സിനിമയിൽ പൊതുവെ മുൻകൂർ തീരുമാനങ്ങളേക്കാൾ കൂടുതൽ ഷൂട്ടിംഗ് സമയത്ത് സാഹചര്യങ്ങൾക്കനുസരിച്ച് പെട്ടെന്ന് മാറ്റങ്ങൾ വരുത്താറുണ്ട്.അതിന് പല കാരണം ഉണ്ട്. കാലാവസ്ഥയും,ലൊക്കേഷൻ ലഭ്യതയും ,പ്രായോഗിക ബുദ്ധിമുട്ടും ,ബഡ്ജറ്റും എല്ലാം ഇതിൽ ഉൾപ്പെടുന്നു.അങ്ങനെ വരുന്ന സമയത്ത് കഥയ്ക്ക് പരിക്കേൽക്കാത്ത തരത്തിൽ മാർഗങ്ങൾ കണ്ടെത്താൻ കഴിയാറുണ്ട്. കഥ എഴുതുമ്പോൾ ഷൂട്ടിംഗ് സമയത്ത് വരാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് മുൻധാരണ ഉണ്ടാകാറുണ്ട്.ഈ രീതിയിൽ ജോലി ചെയ്യാൻ കഴിയുന്നു എന്നത് ഒരുകണക്കിന് സൗകര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |