SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.01 PM IST

മലയാള സിനിമയിൽ ആരും പരീക്ഷിക്കാത്ത ഡാർക്ക് വെബ്ബ്; 'അറ്റ്' പുതിയ സിനിമാനുഭവം

Increase Font Size Decrease Font Size Print Page
s

അറ്റ് എന്ന രണ്ടാമത്തെ സംവിധാന ചിത്രവുമായി ഡോൺ മാക്സ്

'ഫാസ്റ്റ് കട്ട് ' കാണിച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചതാണ് എഡിറ്റർ ഡോൺ മാക്സ്. വ്യത്യസ്തമാർന്ന ചിത്രസംയോജന രീതികൾ നിറഞ്ഞ സിനിമകൾ. അണ്ണൻ തമ്പി,​ ഛോട്ടാ മുംബൈ,​ ബെസ്റ്റ് ആക്ടർ,​ എബിസിഡി,​ ജില്ല തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഡോൺ മാക്സിന്റെ എഡിറ്റിംഗ് ടേബിളിൽ ആണ് പിറന്നത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം അറ്റ് ഫെബ്രുവരി 13ന് തിയേറ്രറിൽ എത്തുന്ന പശ്ചാത്തലത്തിൽ ഡോൺ മാക്സ് സംസാരിച്ചു.

എന്തു കൊണ്ട് ഡാർക് വെബ് സിനിമ ?

ആദ്യമായി സംവിധാനം ചെയ്ത പത്ത് കല്പനകൾ ത്രില്ലർ ഗണത്തിൽ ആയിരുന്നു . പത്തു കല്പനകളേക്കാൾ വ്യത്യസ്തം ആകണം രണ്ടാമത്തെ സിനിമ എന്ന ആലോചനയിൽനിന്നാണ് ഡാർക് വെബ് ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് അതിനെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് പഠിച്ചു. അപ്പോഴാണ് അത് സിനിമ രംഗത്ത് ഇതുവരെ ആരും പരീക്ഷിക്കാത്ത ഒന്നാണെന്ന് മനസിലായത്. ആദ്യകാലത്ത് ഈ ഡാർക് വെബ് അധികം പ്രചാരത്തിൽ ഇല്ലാത്ത ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ നിരന്തരം സോഷ്യൽ മീഡിയയിൽ വളരെ അധികം ഗൗരവമായ പ്രശ്നങ്ങളിലേക്ക് ഇത് വഴി തുറക്കുന്നു. അതിനാൽ ഇപ്പോൾ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുമ്പോൾ അതിന് പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്ന് തോന്നി.

താരസമ്പന്നത നോക്കാറില്ലേ ?

അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നില്ല. കഥ മനസിലാക്കി അവതരിപ്പിക്കാൻ കഴിയുന്ന ഒരാളാവണമെന്ന് മാത്രമേ വിചാരിച്ചുള്ളു. പ്രേക്ഷകർ കണ്ടു ശീലിച്ച മുഖങ്ങളിൽ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നാൽ കൂടുതൽ നന്നാകുമെന്ന് പിന്നീട് തോന്നി. അങ്ങനെയാണ് പുതുമുഖ നായകൻ ആകാശ് സെന്നിലേക്ക് എത്തുന്നത്. ഷാജു ശ്രീധർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്രമല്ല, സിനിമയിൽ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്. മുപ്പതിലധികം പുതുമുഖങ്ങളുടെ വലിയ കൂട്ടായ്മയാണ് അറ്റ്. അവരെല്ലാം മികച്ച പ്രതിഭകൾ എന്ന് തിരിച്ചിറിഞ്ഞു. ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ഇല്ലാതെയാണ് താരങ്ങൾ ആക്ഷൻ സീനിൽ അഭിനയിച്ചത്. പുതിയ വാഗ് ദാനമായിരിക്കും ആകാശ് സെൻ. പ്രേക്ഷകർക്ക് ഈ ഒരു കോമ്പിനേഷൻ ഇഷ്ടപ്പെടുകയാണെങ്കിൽ അത് സിനിമയുടെ വലിയ വിജയമായിരിക്കും.

എഡിറ്ററും സംവിധായകനും ഒരാളാകുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത ?

നല്ലൊരു എഡിറ്റർക്ക് നല്ലൊരു സംവിധായകനാകാൻ സാധിക്കും . കാരണം എഡിറ്റർക്ക് ഒരു സീനിൽ എത്ര ഷോട്ടുകൾ ഉൾക്കൊള്ളിക്കാൻ കഴിയും, ഒരു ഷോട്ടിന് എത്ര സമയ പരിമിതിയുണ്ട് എന്നെല്ലാം അറിയാം. അതിനാൽ രണ്ടും ഒരാളാകുമ്പോൾ സംവിധാനം ചെയ്യുന്നത് എളുപ്പമായിരിക്കും. അതേ സമയം ഞാൻ എന്റെ സിനിമയുടെ തിരക്കഥാകൃത്തുകൂടിയാണ്. അതിനാൽ എനിക്ക് കുറച്ചുകൂടി നിർമ്മാണം എളുപ്പമെന്ന് തോന്നി .

എഡിറ്റിംഗ് ടേബിളിൽ ഏറ്റവും വെല്ലുവിളി നേരിട്ട സിനിമ ?

അങ്ങനെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഒരു സിനിമ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം ഏത് സിനിമ ചെയ്യുമ്പോഴും അതിലെല്ലാം എന്തെങ്കിലും ഒരു വെല്ലുവിളി ഉണ്ടാകാറുണ്ട്. അത് ആ സാഹചര്യത്തിനനുസരിച്ച് തരണം ചെയ്ത് മുന്നോട്ടുപോകുകയാണ് പതിവ്.

എങ്ങനെയാണ് ഷാജി കൈലാസിന്റെ പ്രിയ എഡിറ്ററായി മാറുന്നത്?

വീഡിയോ എഡിറ്ററായാണ് ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ചാനൽ പ്രവർത്തകനായി. ഈ സമയത്താണ് ഷാജി കൈലാസിനെ പരിചയപ്പെടുന്നത്. ഷാജി സാറിന്റെ നാട്ടുരാജാവ് സിനിമയുടെ ട്രെയിലർ ചെയ്യാൻ അവസരം ലഭിച്ചത് വഴിത്തിരിവായി . അങ്ങനെ സിനിമയിൽ മുൻപരിചയവുമില്ലാത്ത എന്നെ സാറിന്റെ സിനിമയിൽ എഡിറ്ററാക്കുന്നു. ടൈഗർ സിനിമയിൽ ആദ്യമായി സ്പോട്ട് എഡിറ്റ് ചെയ്യാൻ അവസരം തരികയും ചെയ്തു. ഷാജി കൈലാസ് എന്ന പ്രതിഭാധനനായ സംവിധായകന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. പിന്നീട് കേരളത്തിനകത്തും പുറത്തും എനിക്ക് നിരവധി അവസരം ലഭിക്കാൻ അത് വഴിതെളിച്ചു. അത് ജീവിതത്തിലെ ഏറ്റവും വലിയ വിജയമായാണ് കാണുന്നത്.

ഡോൺ മാക്സ്. അപൂർവ്വത നിറഞ്ഞ പേര് ?

സിനിമയിൽ വന്നതിനുശേഷമാണോ ഡോൺ മാക്സ് എന്ന പേരിട്ടതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അങ്ങനെയല്ല. എന്റെ പേര് ചെറുപ്പം മുതൽ ഇതുതന്നെയാണ്. അപ്പനാണ് ഈ പേരിട്ടത്. പലർക്കും പേര് കേൾക്കുമ്പോൾ അതൊരു വ്യക്തിയാണോ അതോ സ്ഥാപനമാണോ എന്നൊക്കെ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഈ പേരിലൂടെ ഇന്ന് അറിയപ്പെടുമ്പോൾ വലിയ അഭിമാനം തോന്നുന്നു.

TAGS: DONMAX, CINEMA, MOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.