SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.46 PM IST

ഭാവനയല്ല ഈ യാത്ര, 15 വയസുമുതൽ സിനിമയാണ് എന്റെ ലോകം

Increase Font Size Decrease Font Size Print Page
s

നമ്മളിലൊരാളായി വന്ന ഭാവന തൊണ്ണൂറ് സിനിമയുമായി വെള്ളിത്തിരയുടെ ക്രീസിൽ . ഈ വിശേഷണവുമായി ഫെബ്രുവരി ആറിന് അനോമി പ്രേക്ഷകരെ കാണാൻ എത്തും. നിർമ്മാതാവിന്റെ കുപ്പായം കൂടി തൊണ്ണൂറാം സിനിമയിൽ ഭാവന അണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. .15 വയസിൽ തുടങ്ങിയ സിനിമ യാത്ര. സിനിമയും ജീവിതവും പറയുകയാണ് ഭാവന.

അനോമിയിൽ ഇതുവരെ കാണാത്ത ഭാവന ആണോ ?

തീർച്ചയായും ഇതുവരെ കാണാത്ത ഭാവന തന്നെയായിരിക്കും സാറ ഫിലിപ്പ്. ഞാൻ ചെയ്തതിൽ നിന്ന് വേറിട്ടുനിൽക്കുന്ന കഥാപാത്രം. ഫോറൻസിക് അനലിസ്റ്റായ സാറ ഫിലിപ്പ് വളരെ ബോൾഡ് ആണ്. അതോടൊപ്പം സ്വന്തം സഹോദരനുവേണ്ടി നിലകൊള്ളുന്ന സഹോദരി. ആ സഹോദരനെ കാണാതാകുന്നതിനെത്തുടർന്ന് സാറ എങ്ങനെ നേരിടുന്നു എന്നും അതിന്റെ ഉത്തരം തേടി നടത്തുന്ന യാത്രയുമാണ് അനോമി.

ആഗ്രഹവും സ്വപ്നവും ആയിരുന്നോ ഭാവന പ്രൊഡക്ഷൻസ് ?

അവിചാരിതമായി സംഭവിച്ചതാണ്. നവീൻ (ഭർത്താവ്) കന്നടയിൽ കുറെ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. അനോമിയുടെ കഥ ഇഷ്ടപ്പെട്ടശേഷം ആണ് ഭാഗമാകുന്നത്. ആ സമയത്ത് അഭിനയം മാത്രമായിരുന്നു ഉദ്ദേശിച്ചത്. നിർമ്മാണ പങ്കാളി ആകാൻ താത്പര്യം ഉണ്ടോ എന്ന് ഒരു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ സംവിധായകൻ റിയാസ് മാരാത്തും നിർമ്മാതാവ് ആദിത് പ്രസന്നകുമാറും ചോദിച്ചു.

നിർബന്ധിക്കുന്നില്ലെന്നും ആലോചിച്ച് മതി എന്നും പറഞ്ഞു. ആലോചിച്ചപ്പോൾ നല്ലത് എന്ന് തോന്നി. നല്ല തിരക്കഥ, മികച്ച നിലവാരത്തിൽ ആണ് അതുവരെയുള്ള ചിത്രീകരണം. ആ ആലോചനയിൽ നിന്ന് ഉണ്ടായതാണ് ഭാവന പ്രൊഡക്ഷൻസ്. നിർമ്മാതാവ് എന്ന നിലയിൽ ടെൻഷനോ കാര്യങ്ങളോ ഒന്നും അറിയേണ്ടിവന്നില്ല. കോൺഫിഡന്റ് ഗ്രൂപ്പ്, ബ്ളിറ്റ്സ് ക്രിഗ്, ആദിത്തിന്റെ എ.പി. കെ സിനിമ എന്നിവരുടെ പങ്കാളിത്തമുണ്ട്. പനോരമ സ്റ്റുഡിയോസ് ആണ് വിതരണം. നിർമ്മാതാവ് കൂടി ആയതിനാൽ അനോമിയുടെ എല്ലാ കാര്യത്തിനും അവർ ഉൾക്കൊള്ളിച്ചു. അത് എല്ലാം പുതിയ പാഠം ആയി. എന്റേതായ സ്പേസ് അവർ തന്നു.

ഇത്രദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതാണോ ?

നീണ്ട യാത്ര തന്നെയാണ്. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പഠിക്കാനും മാറ്റാനും ഉള്ള അനുഭവങ്ങൾ സിനിമയിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

നമ്മൾ ചെയ്തു തുടങ്ങുമ്പോൾ കുറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകും എന്ന് വിചാരിച്ചതേയില്ല. സിനിമയെ എന്നും സ്നേഹിച്ചു. എന്നും ഇഷ്ടം തന്നെയായിരുന്നു. ഒരുപാട് നാൾ സിനിമ കൂടെ ഉണ്ടാകുമെന്നും കരുതിയില്ല. കരിയറിലും ജീവിതത്തിലും ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടായിട്ടുപോലും എവിടെയോ സിനിമ കാത്തിരിപ്പുണ്ടായിരുന്നു. ഒരു സിനിമ വന്നു കുറച്ചുനാൾ കഴിഞ്ഞായിരിക്കും അടുത്തത് വരിക. വലിച്ചുവാരി വെറുതേ ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ല. തുടക്കകാലത്ത് ചെയ്ത ചില സിനിമകൾ വിചാരിച്ച രീതിയിൽ വന്നില്ല. സിനിമ ഇനി വേണ്ട എന്ന് അപ്പോൾ തോന്നിയിട്ടുണ്ട്. എങ്കിൽ പോലും ഒരുപാട് നല്ല സിനിമകളുടെയും നല്ല കഥാപാത്രങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.

ഇനി അങ്ങോട്ട് ആണെങ്കിൽ പോലും എല്ലാമാസവും സിനിമ ചെയ്തില്ലെങ്കിലും നല്ല കഥാപാത്രം വന്നാൽ തീർച്ചയായും ഭാഗമാകും എന്നുതന്നെയാണ് തീരുമാനം. അത് ഏത് ഭാഷയിൽ ആണെങ്കിലും.

സിനിമയിലെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചോ ?

എല്ലാം സാധിച്ചില്ല. ആദ്യത്തെയോ രണ്ടാമത്തെയോ സിനിമ ചെയ്യുന്ന അതേ ആകാംക്ഷയിൽ ആണ് ഇപ്പോഴും അഭിനയിക്കുന്നത്. മൂഡ് ഒൗട്ട് ആകുമ്പോൾ ഒരു നല്ല കഥ കേട്ടാൽ ആ സമയത്ത് ഞാൻ സന്തോഷവതിയാകാറുണ്ട്. ചെയ്യാതെ ഇരിക്കുന്ന എത്രയോ സിനിമയുണ്ട്. മൂന്നുമാസം കൊണ്ട് ആറേഴ് സ്ക്രിപ്ട് കേട്ടാൽ ചിലപ്പോൾ അത് എല്ലാം വേണ്ടെന്ന് വയ്ക്കും. ഇഷ്ടമല്ലാത്ത സിനിമ ചെയ്യാൻ ശ്രമിക്കാറില്ല. എന്താ സിനിമ ചെയ്യാത്തത് എന്ന് ചോദിക്കുന്നവരുണ്ട്. എനിക്ക് അത്രമാത്രം ഇഷ്ടം തോന്നുന്ന സിനിമയുടെ ഭാഗമാകാനേ നോക്കാറുള്ളൂ. ഇരുപത് വയസിൽ എല്ലാം മാസവും സിനിമ ഉണ്ടായിരുന്നു. ഇപ്പോൾ മുപ്പതുകൾ പിന്നിടുന്നു. ഒരു കഥ ആലോചിക്കുമ്പോൾ ഭാവന ചെയ്താൽ നന്നായിരിക്കുമെന്ന് തിരക്കഥാകൃത്തിനോ സംവിധായകനോ തോന്നുമ്പോഴാണ് വിളി വരുന്നത്. സ്വപ്നക്കൂടിലെ കഥാപാത്രം ചെയ്യാൻ ഇനി, വിളിക്കാൻ പറ്റില്ലായിരിക്കുമല്ലോ. ഒരുപാട് കഥകൾ കേൾക്കുന്നതിൽ നിന്ന് ഇതു വർക്ക് ആകുമെന്ന് തോന്നുന്ന സിനിമയാണ് ചെയ്യുന്നത്. തിരക്കഥ വായിച്ച് ഞാൻ ഇഷ്ടപ്പെടുന്ന സിനിമ ചിലപ്പോൾ തിയേറ്ററിൽ സ്വീകാര്യത നേടണമെന്നുമില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കുക എന്നു മാത്രമേ ചെയ്യാൻ സാധിക്കൂ.എല്ലാം ഒന്നിച്ച് നന്നായി വരുമ്പോഴാണ് ഒരു സിനിമ വിജയിക്കുക. സിനിമയിൽ ആഗ്രഹങ്ങൾ തീരുന്നില്ല.നല്ല സിനിമ ചെയ്യാനും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനും.

പരിമളം മുതൽ ആൻ ബാവ വരെയുള്ള കഥാപാത്രത്തിൽ കുട്ടിത്തം കാണുന്നുണ്ടല്ലേ ?

ഒരുപാട് കഥാപാത്രത്തിൽ കുട്ടിത്തവും സാമ്യതയും കാണാൻ കഴിഞ്ഞേക്കും. സ്വപ്നക്കൂട്, ഛോട്ടാ മുംബൈ, അഡ്വഞ്ചേഴ്സ് ഒാഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമയിൽ എല്ലാം സാമ്യത അനുഭവപ്പെടാം. വളരെ ബബ്ളിയായ ഒരുപാട് സംസാരിക്കുന്ന ഫൺ ലൗ ആയ ടോംബോയിഷ് കഥാപാത്രങ്ങൾ. അനോമിയിൽ കുട്ടിത്തമല്ല. ആത്മാർത്ഥമായ സ്നേഹം സഹോദരനോട് കാട്ടുന്ന സഹോദരി ആണ് . അവളുടെ കരുത്ത് ആ സ്നേഹത്തിൽനിന്ന് സംഭവിക്കുന്നതാണ്. സാറയുടെ യാത്രതന്നെ സഹോദരനോടുള്ള അകമഴിഞ്ഞ സ്നേഹത്തിൽനിന്നാണ്. അത് നല്ല രീതിയിൽ വന്നു എന്നു വിശ്വസിക്കുന്നു.

ജീവിതത്തിൽ സിനിമ എന്ത് മാറ്റം വരുത്തി ?

15 വയസുമുതൽ സിനിമ ആണ് എന്റെ ലോകം. ഇതിൽനിന്നാണ് എല്ലാം തുടങ്ങുന്നത് . എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട തുടങ്ങി കുറെ കാര്യങ്ങൾ ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കുന്നു. നാളെ മറ്റൊരു ബിസിനസ് ചെയ്താൽ പോലും ജീവിതത്തിന്റെ ഭാഗമായി സിനിമ ഉണ്ടാകും. അത് എങ്ങനെയായിരിക്കും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. സംവിധാനം മാത്രം ഇതുവരെ ആലോചിച്ചില്ല. ജീവിതത്തിൽ ഓരോ വർഷവും ഓരോ ദിവസവും മാറികൊണ്ടേയിരിക്കുന്നു. ചിന്തകൾ മാറുന്നു. എത്ര മാറിയാലും എന്തെല്ലാം ചെയ്താലും എന്റെ ഉള്ളിന്റെയുള്ളിൽ ആ പഴയ കാർത്തിക ഉണ്ട്. ചിരിക്കാൻ ആഗ്രഹിക്കുന്ന, സന്തോഷിക്കാൻ ഇഷ്ടപ്പെടുന്ന, നിഷ്‌കളങ്കയായ കാർത്തിക. കാർത്തിക എന്റെ ഉള്ളിൽതന്നെ എപ്പോഴും വേണമെന്ന് ആഗ്രഹിക്കാറുണ്ട്.

TAGS: BHAVANA, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.