
ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീഷണി നേരിടാൻ അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. അഫ്ഗാനിസ്ഥാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിനിടെയാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഇറാനിലെ ചബഹാർ തുറമുഖം വഴി വ്യാപാരം ശക്തിപ്പെടുത്താനാണ് നീക്കം. ചബഹാർ തുറമുഖത്തിൽ ഇന്ത്യ വലിയതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും അമൃത്സറിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള ചരക്ക് വിമാന സർവീസ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് അറിയിച്ചു.
ഗിൽജിത്-ബാൾട്ടിസ്ഥാനിൽ പാകിസ്ഥാൻ അധിനിവേശം നടത്തിയതിന് ശേഷം അഫ്ഗാനുമായുള്ള വ്യാപാരത്തിനോ ഗതാഗതത്തിനോ ഇന്ത്യ പാകിസ്ഥാനെ ആശ്രയിച്ചിരുന്നില്ല. ഇത് അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചിരുന്നു. പുതിയ നീക്കം ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ സംഘർഷങ്ങളും അഫ്ഗാനിലെ വ്യാപാരരംഗത്ത് ഇടിവിന് കാരണമായിരുന്നു. പാകിസ്ഥാൻ അതിർത്തി അടച്ചതോടെ അഫ്ഗാനിസ്ഥാന്റെ നഷ്ടം 10 കോടി ഡോളർ കടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് വ്യാപരത്തിനായി പാകിസ്ഥാനെ ആശ്രയിക്കില്ലെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം തീരുമാനിച്ചിരുന്നു.
ഖനനം, കൃഷി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഐ.ടി, ഊർജ്ജം, ടെക്‌സ്‌റ്റൈൽസ് തുടങ്ങിയ മേഖലകളിൽ പങ്കാളിത്തത്തിനായി ഇന്ത്യൻ വ്യാപാരികളോട് അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഭ്യർത്ഥിച്ചു. അസംസ്‌കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കും ഒരു ശതമാനം താരിഫ്, സൗജന്യ ഭൂമി, തടസമില്ലാത്ത വൈദ്യുതി വിതരണം, അഞ്ച് വർഷത്തെ നികുതി ഇളവ് തുടങ്ങിയ നിരവധി ആനൂകൂല്യങ്ങളും അദ്ദേഹം വ്യവസായികൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |