
1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു ജെ. ജോൺ ഇടുക്കിയിലെ വനങ്ങളിൽ നായാട്ടിനെത്തിയത് മുതലാണ് ചരിത്രത്തിന്റെ ഭാഗമായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കഥ ആരംഭിക്കുന്നത്. നായാട്ടിന് കൊലുമ്പനെന്ന വനവാസിയും കൂടെയുണ്ടായിരുന്നു. കൊലുമ്പനാണ് കുറവൻ കുറത്തി മലയിടുക്കിലൂടെ ആരെയും ആകർഷിച്ചുകൊണ്ട് പെരിയാർ ഒഴുകുന്നത് ജോണിന് കാണിച്ച് കൊടുക്കുന്നത്. ഇവിടെ അണകെട്ടിയാൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് അദ്ദേഹത്തിന് തോന്നി. ജോണിന്റെ സഹോദരന്മായ എൻജിനിയർമാരുടെ സഹായത്തോടെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തിരുവിതാംകൂർ സർക്കാർ തള്ളി. പിന്നീട് ഇറ്റലിക്കാരും ഈ ആശയവുമായെത്തി. അവസാനം 1961ലാണ് കേന്ദ്ര ജലവൈദ്യുത വകുപ്പിന് വേണ്ടി ഇവിടെ പഠനം നടത്തി അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 1963ൽ ഇതിന് അംഗീകാരം കിട്ടി. കനേഡിയൻ സർക്കാർ സഹായം കൂടി നൽകിയതോടെ പദ്ധതിയുടെ നടത്തിപ്പ് കെ.എസ്.ഇ.ബി ഏറ്റെടുത്തു.
അപൂർവങ്ങളിൽ അപൂർവം
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസ്. പൂർണമായും മല തുരന്ന് അതിനകത്ത് പ്രവർത്തിക്കുന്ന പദ്ധതി ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏക നിർമ്മാണമാണ്. കനേഡിയൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് ഇടുക്കി പദ്ധതി നിർമ്മിച്ചത്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. ചെറുതോണിയ്ക്ക് സമീപത്തെ കുറവൻ, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ചെറിയ തോട്ടിലൂടെ കുളമാവിൽ എത്തിക്കും. കമാന ആകൃതിയിലുള്ള ഇടുക്കിയും ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോ മീറ്റർ അകലെയാണ്. കുളമാവ് ഡാമിൽ നിന്നാണ് ബട്ടർഫ്‌ളൈ വാൽവ് വഴി നാടുകാണി മലനിരകൾക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ വെള്ളമെത്തുന്നത്. കുളമാവിൽ നിന്ന് 1.5 കിലോ മീറ്റർ ദൂരം ചെറിയ ചെരുവിൽ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 953 മീറ്റർ ദൂരം കുത്തനെ പാറ തുരന്നാണ് ഇവിടെ നിന്ന് വെള്ളം പവർഹൗസിൽ എത്തിക്കുന്നത്. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. 780 മെഗാവാട്ടാണ് മൊത്തം ഉത്പാദന ശേഷി. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഈ ഇന്ത്യാ കാനഡ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യദിനം ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചു. തുടർന്ന് ജൂൺ ഏഴിന് രണ്ടാം നമ്പർ ജനറേറ്ററിന്റെയും ഡിസംബർ 24ന് മൂന്നാം നമ്പർ ജനറേറ്ററിന്റെയും പ്രവർത്തനം ആരംഭിച്ചു. 1985 നവംബർ നാലിന് നാലാം നമ്പർ ജനറേറ്ററും 1986 മാർച്ച് 22ന് അഞ്ചാം നമ്പർ ജനറേറ്ററും സെപ്തംബർ ഒമ്പതിന് ആറാം നമ്പർ ജനറേറ്ററും നിർമാണം പൂർത്തിയാക്കി. 220 കോടിയോളം രൂപയാണ് അന്ന് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരം ഒരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 3000 കോടി രൂപ വേണ്ടി വരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇടുക്കിയിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇപ്പോൾ ചെലവ് യൂണിറ്റിന് 25 പൈസയാണ്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര അണക്കെട്ടിൽ സംഭരിച്ച് മലങ്കരയിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതാണ് പിന്നീട് തൊടുപുഴയാറും മൂവാറ്റുപുഴയാറുമായി മാറുന്നത്. മൂലമറ്റം പവർ ഹൗസിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള ഏകമാർഗം 1,966 അടി നീളമുള്ള തുരങ്കമാണ്. എന്തെങ്കിലും സംഭവിച്ചാൽ പുറത്തുകടക്കുക ഏറെ ദുഷ്‌കരമാണ്. 2,500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടിൽ 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഇടുക്കി ഭൂഗർഭ വൈദ്യുത നിലയത്തിനുള്ളത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവർ ഹൗസിന്റെ തറനിരപ്പ്.
ഇത് ആദ്യം
ചരിത്രത്തിൽ ആദ്യമായാണ് മൂലമറ്റം പവർഹൗസ് പൂർണമായും ഒരു മാസത്തേക്ക് ഷട്ട്ഡൗൺ ചെയ്യുന്നത്. അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളിലെ മുകളിലെ സീലുകളിലെ തകരാറും മെയിൻ ഇൻടേയ്ക്ക് വാൽവിലെ (എം.ഐ.വി) ചോർച്ചയും പരിഹരിക്കുന്നതിനാണ് വൈദ്യുതോത്പാദനം പൂർണമായും നിറുത്തേണ്ടി വന്നത്. 12 മുതൽ ആരംഭിച്ച അറ്റകുറ്റപണിയ്ക്ക് മൂലമറ്റത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ഡാം സുരക്ഷാ അതോറിട്ടി ചീഫ് എൻജിനീയർ, ജനറേഷൻ ചീഫ് എൻജിനീയർ തുടങ്ങിയവർ ക്യാമ്പ് ചെയ്താണ് നേതൃത്വം നൽകുന്നത്. ബോർഡിലെ ഉദ്യോഗസ്ഥരെ സഹായിക്കാൻ ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനി ജീവനക്കാരുമുണ്ട്. 11ന് പുലർച്ചെ മൂന്നിന് എല്ലാ ജനറേറ്ററുകളും ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് അനുമതി നൽകിയത്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലത്തിന്റെ വിതരണം നിലയ്ക്കുന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞ് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിനടക്കം രംഗത്തു വന്നതോടെയാണ് തീരുമാനം മാറ്റിയിരുന്നത്. തുടർന്ന് വൈദ്യുതി മന്ത്രിയടക്കം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. പ്രതിസന്ധിയുണ്ടാകുമെങ്കിലും സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഇത് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. 30 ദിവസമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 25 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർക്കാനാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ പ്രതീക്ഷ.
ഓരോ ജനറേറ്ററുകൾ ഓരോ മാസവും എന്ന നിലയിൽ എല്ലാ വർഷവും ജൂൺ മുതൽ ഡിസംബർ വരെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതാണ്. അതിനാൽ വൈദ്യുതോത്പാദനം പൂർണ്ണമായും നിറുത്തേണ്ടി വരാറില്ല. മുമ്പ് 2019 ഡിസംബർ ഏഴു മുതൽ 17 വരെ ഒന്നാം നമ്പർ ജനറേറ്ററിലെ വാൽവ് മാറ്റുന്നതിനായി 10 ദിവസത്തേയ്ക്ക് പ്രവർത്തനം പൂർണ്ണമായും നിറുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |